ഡൽഹി: ദേശതലസ്ഥാനത്ത് വായു മലിനീകരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വായുമലിനീകരണത്തിൽ രാജ്യം ‘വിശ്വഗുരുവായി’. ബിജെപിയുടെ മുഖമുദ്ര വെറും പൊള്ളയായ വാഗ്ദാനങ്ങളും പിആർ നാടകങ്ങളും.
മലിനീകരണ തോത് മറച്ചുവെക്കാൻ കൃത്രിമം നടത്തി. ഡൽഹിയിലെ 59 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 36 എണ്ണത്തിലെയും വിവരങ്ങൾ മറച്ചുവച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ദീപാവലിക്ക് ശേഷം ഡൽഹിയിൽ വർധിച്ചുവരുന്ന മലിനീകരണത്തോത് നേരിടുകയാണ്. അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഈ സ്ഥിതി വഷളാക്കാൻ കാരണമാകുന്നു.
ഡൽഹി-എൻ.സി.ആർ മേഖലയിൽ വായു ഗുണനിലവാരം 400 കടന്ന് അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, സർക്കാരിന്റെ പ്രതിരോധ നടപടികളിലെ പാളിച്ചകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. തലസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നതാണ് മലിനീകരണത്തിന്റെ പ്രധാന കാരണമെന്ന് കോടതി വ്യക്തമാക്കി. ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തേക്കാൾ, റോഡിലിറങ്ങുന്ന വാഹനങ്ങളുടെ അമിതമായ എണ്ണമാണ് മലിനീകരണത്തിന്റെ തോത് ഉയർത്തുന്നതെന്ന് കോടതി പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങൾ അപര്യാപ്തമായതാണ് ജനങ്ങൾ സ്വന്തം വാഹനങ്ങളെ ആശ്രയിക്കാൻ കാരണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസവും ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ ഏത് തരം ഇന്ധനമാണ് ഉപയോഗിക്കുന്നതെന്ന് നിരീക്ഷിക്കാൻ അതിർത്തികളിൽ കൃത്യമായ സംവിധാനങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആഡംബര-വാണിജ്യ വാഹനങ്ങളുടെ ഉപയോഗവും സാമൂഹിക പദവിയുടെ ഭാഗമായി വാഹനങ്ങൾ നിരത്തിലിറക്കുന്നതുമാണ് മലിനീകരണം സൃഷ്ടിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ യഥാർത്ഥ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും കോടതി കൂട്ടിച്ചേർത്തു.








