Headlines

‘ഇറാനിൽ ദൗത്യം പൂർത്തിയായിട്ടില്ല’; ഐസൻകോട്ടിന് മുന്നിൽ‌ 3 വഴികൾ, നെതന്യാഹുവിന്റെ മുന്നറിയിപ്പ് സ്വീകരിക്കുമോ?

ജറുസലം∙ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിക്ക് യഷാർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അനുവാദം ഔദ്യോഗികമായി നൽകും. പാർലമെന്റിലെ 67 ജനപ്രതിനിധികളുടെ പിന്തുണ ഐസൻകോട്ടിനു ലഭിച്ച സാഹചര്യത്തിലാണിത്. ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 46 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്ന നെതന്യാഹു, അധികാരം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐക്യ സർക്കാർ രൂപീകരിക്കാൻ ഇതിനകം ആഹ്വാനം ചെയ്തിരുന്നു.

രാഷ്ട്രീയ പാർട്ടികളുമായി ഒരാഴ്ച നീണ്ട കൂടിയാലോചനകൾക്കു ശേഷമാണ് ഐസൻകോട്ടിനു സർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം നൽകാൻ പ്രസിഡന്റ് തീരുമാനിച്ചത്. സർക്കാർ രൂപീകരണത്തിനായി ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണു ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടി ചോദിക്കാവുന്നതാണ്. നെതന്യാഹുവിന്റെയും തീവ്രവലതുപക്ഷ സഖ്യകക്ഷികളുടെയും വംശീയ നയങ്ങളെ എതിർക്കുന്ന അറബ് നേതാക്കൾ ഐസൻകോട്ടിനു പിന്തുണ നൽകിയതാണ് അദ്ദേഹത്തിന് സർക്കാർ രൂപീകരണത്തിലേക്കുള്ള വഴിതുറന്നത്. അറബ് പാർട്ടികളുമായി ഐസൻകോട്ട് സഖ്യമുണ്ടാക്കുന്നത് തടയാൻ നെതന്യാഹു ശ്രമിക്കുന്നുണ്ട്. ഭീകരവാദികളെ പിന്തുണയ്ക്കുന്നവരുടെ പങ്കാളിത്തത്തോടെ ധൃതിപിടിച്ച് സർക്കാർ രൂപീകരിക്കരുതെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

∙ ഐസൻകോട്ടിന് മുന്നിൽ‌ 3 വഴികൾ

ഐസൻകോട്ടിനു മുന്നിൽ പല വഴികളുണ്ട്. അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാം, അല്ലെങ്കിൽ തീവ്ര യാഥാസ്ഥിതിക പാർട്ടികളുമായി ധാരണയിലെത്താം, അതുമല്ലെങ്കിൽ നെതന്യാഹുവുമായി ചേർന്ന് ഒരു ഐക്യ സർക്കാർ ഉണ്ടാക്കാം. ഐസൻകോട്ടിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു സ്ഥാനാർഥിക്ക് അവസരം ലഭിക്കും. അത് പരാജയപ്പെട്ടാൽ പാർലമെന്റിനു മറ്റൊരാളെ നാമനിർദേശം ചെയ്യാം. ഈ മുഴുവൻ പ്രക്രിയയ്ക്കും ഏകദേശം 100 ദിവസത്തെ സമയപരിധിയുണ്ട്. ഒരു സ്ഥാനാർഥിക്കും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേലിന് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും. നെതന്യാഹുവുള്ള ഒരു സഖ്യത്തിലും താൻ ഉണ്ടാകില്ലെന്ന് ഐസൻകോട്ട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കണമെന്ന് നാല് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിലവിലെ സ്പീക്കറും ലിക്കുഡ് പാർട്ടി നേതാവുമായ അമീർ ഒഹാനയെ മാറ്റുന്നതിലേക്ക് നയിച്ചേക്കാം.

∙ ‘ഇറാനുമായുള്ള കാര്യങ്ങൾ അവസാനിപ്പിച്ചിട്ടില്ല’

അതേസമയം, ഇറാനുമായുള്ള കാര്യങ്ങൾ ഇസ്രയേൽ അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ ഇസ്രയേൽ-യുഎസ് വ്യോമാക്രമണങ്ങൾക്ക് ഇരയായ ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം പ്രതിരോധ മന്ത്രി വീണ്ടും ഉന്നയിച്ചു. എന്നാൽ ഈ അവകാശവാദം ഇറാൻ നിഷേധിച്ചു.

‘‘ഇറാന്റെ കാര്യത്തിൽ, ഞങ്ങളുടെ ദൗത്യം ഇനിയും പൂർത്തിയായിട്ടില്ല. രാജ്യത്തെ വലിയ അപകടത്തിലാക്കുന്ന മറ്റ് ഗുരുതരമായ ശ്രമങ്ങൾക്കൊപ്പം ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളും ഇറാൻ പുതുക്കുകയാണ്’’ – ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി പോരാടുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, സമീപ ആഴ്ചകളിൽ ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്തുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിന് അദ്ദേഹത്തിന്റെ അടുത്ത സഖ്യകക്ഷിയായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല. യുദ്ധത്തിനെതിരെയുള്ള ജനരോഷം കാരണം ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ട്രംപിന് വോട്ടർമാരിൽ നിന്ന് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഒക്ടോബർ 27ന് നടന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിന്റെ തലേന്ന് നെതന്യാഹുവും രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും ഇറാനെതിരെ ഒരു സൈനിക നീക്കത്തിനു ശ്രമിച്ചതായും അമേരിക്ക വിവരം അറിഞ്ഞ അമേരിക്ക അത് തടയുകയായിരുന്നു എന്നും ഇസ്രയേലിന്റെ ചാനൽ 12 വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.