സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് പരാതികൾ. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവാവിന് കാൽമുട്ടിന് നിസ്സാര പരുക്കെന്ന് പറഞ്ഞ് ബാൻഡേജ് ചുറ്റിവിട്ടു എന്നാണ് ആരോപണം. അരുവിക്കരയിലെ 17 വയസ്സുള്ള പെൺകുട്ടിക്ക് റൂട്ട് കനാൽ ചെയ്യുന്നതിനിടെ ഉപകരണം ശരീരത്തിനുള്ളിലേക്ക് പോയെന്നും ആക്ഷേപം.
തിരുവനന്തപുരം മടവൂർ മാങ്കോണത്ത് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ആയിരുന്നു അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുടെ ആക്രമണത്തിൽ 23 വയസ്സുകാരന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ മുഹമ്മദ് സിനാൻ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് ചികിത്സ തേടി. എന്നാൽ ആദ്യ പരിശോധനയിൽ കാലിലെ പൊട്ടൽ കണ്ടെത്താനായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആക്രമണം നടത്തിയവർക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആരോഗ്യ – ആഭ്യനതര മന്ത്രിമാർക്കും പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്. അരുവിക്കരയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ റൂട്ട് കനാൽ എത്തിയ 17 വയസ്സുകാരിയുടെ ശരീരത്തിൽ ഉപകരണം പോയെന്നാണ് മറ്റൊരു പരാതി.
ഒക്ടോബർ 31ന് ഉണ്ടായ സംഭവത്തിൽ ഇതുവരെയും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഡെന്റൽ ക്ലിനിക്ക് വിശദീകരിക്കുന്നതെന്നുമാണ് കുടുംബം പറയുന്നു.







