Headlines

സ്ഥലംമാറ്റം കിട്ടിയ കമ്മിഷണർക്ക് സ്നേഹത്തിന്റെ ‘വളകാപ്പ്’; സഹപ്രവർത്തകരുടെ അപ്രതീക്ഷിത സമ്മാനം

കൊല്ലം ∙ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷൽ സെൽ എസ്പിയായി സ്ഥലം മാറിപ്പോകുന്ന കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലതയ്ക്ക് സഹപ്രവർത്തകരുടെ അപ്രതീക്ഷിതമായ സമ്മാനം. യാത്രയയപ്പിന് പകരം സ്നേഹത്തിന്റെ ‘വളകാപ്പ്’ എന്ന ചടങ്ങു നടത്തിയാണ് സഹപ്രവർത്തകർ യാത്രയയ്പ്പു ചടങ്ങ് വേറിട്ടതാക്കിയത്.

പരമ്പരാഗത വേഷവിധാനങ്ങളും പൂക്കളും ആഭരണങ്ങളും ഒരുക്കി കമ്മിഷണറുടെ കൈകളിൽ സഹപ്രവർത്തകർ വളയണിയിച്ചായിരുന്നു ചടങ്ങ് നടത്തിയത്. തികച്ചും വ്യത്യസ്തമായതും ഹൃദയസ്പർശിയുമായ സമ്മാനം ലഭിച്ചതിന്റെ വലിയ സന്തോഷത്തിലായിരുന്നു കമ്മിഷണർ. ഗർ‌ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും ഐശ്വര്യവും ആരോഗ്യവും ആശംസിച്ച് തമിഴ്നാട്ടിൽ‌ നടത്തുന്ന ഒരു ചടങ്ങാണ് വളകാപ്പ് . കൊല്ലം സിറ്റി പൊലീസിലെ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.