Headlines

ഐഎഎസ് തലപ്പത്തെ വന്‍ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തി മാറുന്നില്ല

തിരുവനന്തപുരം: മന്ത്രിമാരറിയാതെ തീരുമാനങ്ങള്‍ എടുക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയിട്ടും അതൃപ്തി മാറുന്നില്ല. സ്ഥിരം സെക്രട്ടറി വേണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീനും എക്‌സൈസ് കമ്മീഷണറെ മാറ്റാത്തതില്‍ എക്‌സൈസ് മന്ത്രി എം ലിജുവിനും എതിര്‍പ്പുണ്ട്.

ഇന്നലെ നടത്തിയ അഴിച്ചുപണിയില്‍ എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിന്റെ ഉത്തരവ് പുറത്തുവന്നത്. ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലോഞ്ച് ബാര്‍ തുടങ്ങാനാണ് ലൈസന്‍സ്. രണ്ട് ബാര്‍ ലൈസന്‍സ് അനുവദിച്ചത് വകുപ്പ് മന്ത്രിയറിഞ്ഞത് ഇപ്പോള്‍ മാത്രം. റിപ്പോര്‍ട്ട് തേടിയ മന്ത്രി എം ലിജു കമ്മീഷണറെ മാറ്റണമെന്ന നിലപാടിലാണ്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യം പൊതു ഭരണവകുപ്പ് പരിഗണിച്ചില്ല. വകുപ്പില്‍ സ്ഥിരം സെക്രട്ടറി വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാല്‍ സജിത്ത് ബാബുവിനെ മാറ്റി പകരം എപിഎം മുഹമ്മദ് ഹനീഷിന് വിദ്യാഭ്യാസം അധിക ചുമതലയായി നല്‍കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇടപെടലുകളിലും മന്ത്രിക്ക് നീരസം ഉണ്ട്. മുഖ്യമന്ത്രിയോട് നേരിട്ടും മന്ത്രിസഭാ യോഗത്തിലും എന്‍ ഷംസുദ്ദീന്‍ വിഷയം ഉന്നയിച്ചേക്കും.

മാറ്റത്തില്‍ കടുത്ത അതൃപ്തിയിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ശര്‍മ്മിള മേരി ജോസഫ്. ശര്‍മ്മിള മേരി ജോസഫിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന വിവാദങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. സ്ഥലംമാറ്റം അറിഞ്ഞത് ഉത്തരവിറങ്ങിയശേഷം. ഉത്തരവിറങ്ങിയത് KMSCL ബോര്‍ഡ് യോഗത്തിനിടെയാണ്. ഇതോടെ ബോര്‍ഡ് യോഗത്തില്‍ നിന്ന് ശര്‍മിള മേരി ജോസഫ് ഇറങ്ങിപ്പോയി. കൈവശമുണ്ടായിരുന്ന ഫയലുകള്‍ മടക്കി നല്‍കി. മുഹമ്മദ് ഹനീഷിനെ സെക്രട്ടറി ആക്കിയത് ആരോഗ്യമന്ത്രിയുടെ കൂടി താല്‍പര്യപ്രകാരമെന്നും വിവരമുണ്ട്. ശര്‍മിള മേരി ജോസഫ് നല്ല ഉദ്യോഗസ്ഥയായിരുന്നുവെന്നാണ് കെ മുരളീധരന്റെ പ്രതികരണം. അതൃപ്തിയോ പരാതിയോ ഉണ്ടായിരുന്നില്ല. എല്ലാം മാധ്യമ സൃഷ്ടിയായിരുന്നുവെന്നും മുരളീധരന്റെ പ്രതികരിച്ചു.

ഒരു കോടി രൂപ ചെലവില്‍ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് നീരസം. മുഖ്യമന്ത്രിയേയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഉത്തരവ് ഇറങ്ങിയതില്‍ പൊതുമരാമത്ത് സെക്രട്ടറി വിശദീകരണം നല്‍കും. പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിയിരുന്നു.

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യം തെറിച്ചതിന് പിന്നിലും സര്‍ക്കാരിന്റെ അതൃപ്തിയുണ്ട്. ടെണ്ടറില്ലാതെ സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കം രാജമാണിക്യം എതിര്‍ത്തിരുന്നു.