കൊച്ചി: കാലടി സംസ്കൃത സർവകലാശാല സമരത്തിൽ പങ്കെടുത്ത 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മൂന്ന് വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. അശ്വന്ത്, അർച്ചന, കെ വി അഭിജിത് എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. സർവകലാശാലക്ക് മുന്നിലാണ് സമരപ്പന്തൽ.
സർവകലാശാല വിസിയുടേത് വിദ്യാർഥി വിരുദ്ധ നിലപാട് എന്നാണ് എസ്എഫ്ഐ കോടതിയിൽ പറഞ്ഞത്. ജയിലിൽ ഉള്ള പ്രതികൾക്ക് പോലും പരീക്ഷയെഴുതാൻ പറ്റുന്ന കാലത്താണ് സ്വന്തം സർവകലാശാല തന്നെ വിദ്യാർഥികളുടെ പരീക്ഷ എഴുതാനുള്ള അവസരത്തിന് തടസ്സം നിൽക്കുന്നത് എന്നും ചൂണ്ടിക്കാണിച്ചിരുന്നു. നാളെയാണ് പരീക്ഷ ആരംഭിക്കുക.
അതേസമയം, വിദ്യാർഥികളെ ഉപാധികൾ ഇല്ലാതെ തിരിച്ചെടുക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. മാപ്പ് എഴുതുന്നവർ ഞങ്ങളുടെ ജനുസ് അല്ല. മാരാർജി ഭവനിൽ പോയി രാജീവ് ചന്ദ്രശേഖറിനോടോ ലോക് ഭവനിൽ പോയി ഓം പ്രകാശ് മാഥുറിനോടോ പറഞ്ഞാൽ മതി. അവർക്കാണ് മാപ്പ് എഴുതി ശീലം. വിദ്യാർഥികൾക്ക് 60 ദിവസമായി നഷ്ടപ്പെട്ട ഹാജർ നൽകണം അതുവരെ സമരം തുടരുമെന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി.









