Headlines

തീവ്ര ചുഴലിക്കാറ്റായി മുരസു : രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും

അമരാവതി: തീവ്ര ചുഴലിക്കാറ്റായി മുരസു. രാത്രി 11:30നും പുലർച്ചെ നാലിനും ഇടയിൽ ആന്ധ്രയിൽ കരതൊടും. കാറ്റ് ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ്. നെല്ലൂരിൽ നിന്നും 320 കിലോമീറ്റർ അകലെയുമാണ്. 20 കിലോമീറ്ററാണ് കാറ്റിന്റെ സഞ്ചാര വേഗം. ആന്ധ്രാപ്രദേശിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. 11 വിമാനങ്ങളാണ് റദ്ദാക്കിയത്. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ആന്ധ്രാപ്രദേശിലെ തീരദേശ മേഖല വഴിയുള്ള നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കി.

തമിഴ്‌നാട്ടിലും മഴമുന്നറിയിപ്പുണ്ട്. ചെന്നൈയിലും തിരുവള്ളൂരും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മുരസു ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.