കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അതീവദുഃഖകരമായ സംഭവമാണിത്. ആദ്യഘട്ടം മുതൽ കേസിൽ കുടുംബത്തിന് അതൃപ്തി ഉണ്ട്. കാരണം ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല, തങ്ങൾക്ക് നീതിലഭിക്കുന്നില്ലെന്ന തോന്നൽ കുടുംബത്തിന് ആദ്യം മുതൽക്കേ ഉണ്ടായി. അതിന്റെ ഭാഗമായുള്ള ചില പ്രത്യക്ഷ നടപടികൾ ജയബാലകൃഷ്ണന്റെ ചിത എരിയുന്നതിന് മുൻപ് തന്നെ കുടുംബത്തിന് സ്വീകരിക്കേണ്ടതായി വന്നു. ഇക്കാര്യം സഭയിൽ ഉന്നയിച്ചപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായി പ്രതികരണം ഉണ്ടായി. അത് കുറ്റവാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും, അർഹമായ ശിക്ഷ ഉറപ്പാക്കും, ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് ആദ്യമേ തന്നെ ഉറപ്പായി സഭയിൽ രേഖപ്പെടുത്തിയിരുന്നു. പക്ഷെ പിന്നീട് നടപടികൾ ആ തരത്തിൽ അല്ല ഉണ്ടായതെന്നാണ് കുടുംബം പറയുന്നത്.
അതിന്റെ ഭാഗമായി കടുത്ത മനോവേദനയോടെ കഴിയുന്ന ഈ കുടുംബം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിൽ കണ്ടെങ്കിലും നടപടിക്രമങ്ങൾ വേണ്ടത്ര ജാഗ്രതയോടെ നീങ്ങുന്നില്ലെന്ന തോന്നലിലാണ് നിൽക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു.
സ്വാധീനമുള്ളവർക്കും സമ്പന്നർക്കും എന്തുമാകാമെന്ന നില അനുവദിക്കാൻ കഴിയില്ല. മറുഭാഗത്ത് നല്ലത് പോലെ നിയമങ്ങൾ അറിയാവുന്ന ആളുടെ സംരക്ഷണം ലഭിക്കുന്നുവെന്ന് തോന്നൽ കുടുംബത്തിന് ഉണ്ട്. സ്വാധീനമുള്ളവർക്ക് എന്തും ആകാമെന്ന നില ഒരുതരത്തിലും അംഗീകരിക്കില്ല.
കൊടുംക്രൂരത ചെയ്ത 17 വയസുകാരനെ സംരക്ഷിക്കുന്നു എന്ന നില വരുന്നു. നേരത്തെയും ഈ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം ക്രൂരത ചെയ്യുന്നവർക്ക് കുട്ടികൾ എന്ന പരിഗണന നൽകരുത്.നിയമം മാറണം. ജയബാലകൃഷ്ണന്റെ കുടുംബത്തിനൊപ്പം സമൂഹമാകെയുണ്ട്. എല്ലാവരും പിന്തുണ നൽകുന്നുണ്ട്. കുടുംബം പ്രതീക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകുമെന്ന് തന്നെ കരുതാം. അർഹമായ ശിക്ഷ കുറ്റവാളിയ്ക്ക് ഉറപ്പാക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങേണ്ടതുണ്ട് അതിൽ ഒരുതരത്തിലുമുള്ള അലംഭാവം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









