Headlines

‘പൊലീസിനു വീഴ്ച പറ്റി; ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ’

തിരുവനന്തപുരം∙ ചേരാനല്ലൂരിൽ അഡിഷനൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു ആഭ്യന്തരമന്ത്രി.

കേസിൽ പ്രതിക്കു ജാമ്യം ലഭിച്ചതിൽ പൊലീസിനു വീഴ്ച ഉണ്ടായെന്നു തുറന്നുപറയാൻ മടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയമാണ്. ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ഡിജിപിയെ വിളിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡിജിപിയോടു ചോദിച്ചു. പൊലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണ്.

എഡിജിപി പി.വിജയനോട് ഇന്നു സ്ഥലം സന്ദർശിക്കാൻ നിർദേശിച്ചു. മരിച്ചയാളിന്റെ കുടുംബം പൊലീസ് സ്‌റ്റേഷനു മുന്നിൽ സമരം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഫോണിൽ അറിയിച്ചത്. കുടുംബം ഉന്നയിച്ചത് മൂന്ന് ആവശ്യങ്ങളാണ്. അപകടദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുകൾ ചുമത്താതിരുന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയുണ്ടാകും. പ്രതിക്ക് ഒരു കാരണവശാലും കോടതി ജാമ്യം അനുവദിക്കാൻ പാടില്ലായിരുന്നു. സഭയുടെ സംരക്ഷണം കണക്കിലെടുത്താണ് ഇതു പറയുന്നതെന്നു ചെന്നിത്തല പറഞ്ഞു.രാത്രി തന്നെ പ്രതിയെ പൊലീസ് പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നിൽ എത്തിച്ചു. അപ്പോൾത്തന്നെ ജാമ്യം കൊടുക്കുകയായിരുന്നു. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? പിറ്റേന്ന് കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടും ജാമ്യം കൊടുത്തു. മേൽക്കോടതിയിൽ ജാമ്യം റദ്ദാക്കാൻ അപ്പീൽ കൊടുക്കാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. ജഡ്ജിയുടെ പേരിൽ നടപടി എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അത് സർക്കാരിനു കഴിയില്ല. എന്നാൽ വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത ആളായതിനാൽ ഉടമയായ ജഡ്ജിയുടെ പേരിൽ കേസെടുത്തു. ആ വിവരം ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചിട്ടുണ്ട്.ഇനി നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയുടെ ഉത്തരവാദിത്തമാണ്. അവർ അതു ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലുണ്ടായ അപകടത്തിൽ പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണനാണ് (55) മരിച്ചത്