Headlines

കോടതിവിധിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന്; പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു, ഷോൺ ജോർജ്

സംസ്ഥാന സർക്കാർ കേസെടുത്തിരുന്നെങ്കിൽ ഇത്തരം ഒരു സാഹചര്യം പിണറായി വിജയന് ലഭിക്കില്ലായിരുന്നു. സംസ്ഥാന സർക്കാർ ചെയ്ത ഒത്താശയാണ് ഇവിടംവരെ കൊണ്ടെത്തിച്ചത്. കോടതിയിൽ വിശദമായ ചർച്ച നടന്നിട്ടില്ല. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് വീണ 2021 ൽ പണം കൈപ്പറ്റിയത്. പണം കൈപ്പറ്റിയത് അനധികൃതമായിട്ടാണ്. സുപ്രീം കോടതിയിലുൾപ്പെടെ നിയമനടപടിയുമായി താൻ മുന്നോട്ടു പോകുമെന്നും ഷോൺ വ്യക്തമാക്കി.

വി ഡി സതീശന് 102 സീറ്റ് നൽകിയത് പിണറായിയെ താഴയിറക്കാൻ ആയിരുന്നു എന്നാൽ ഇപ്പോൾ വി ഡി സതീശൻ അഴിമതിക്ക് കൂട്ടുനിൽക്കുന്നു. പിണറായി വിജയന് ഉണ്ടായ അനുഭവം വി ഡി സതീശനും ഉണ്ടാകും.എല്ലാ കേസിലും കക്ഷി ചേരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

അതേസമയം, സുപ്രീംകോടതി ഉത്തരവിന്റെ പിൻബലത്തിലാണ് പിണറായി വിജയൻ അപീലുമായി ഡിവിഷൻ ബെഞ്ചിലേക്ക് എത്തിയത്. സുപ്രീം കോടതിയിലെ വാദങ്ങൾ ഡിവിഷൻ ബെഞ്ചിലും ആവർത്തിച്ചു. സിംഗിൾ ജഡ്ജിന്റെ അധികാര പരിധിയും, ഹർജിക്കാരന്റെ ഉദ്ദേശവും ചോദ്യം ചെയ്തായിരുന്നു വാദങ്ങൾ. വിധി നേരിട്ട് ബാധിക്കുന്ന തന്നെ കേട്ടില്ലെന്നും പിണറായി ഡിവിഷൻ ബെഞ്ചിന് മുൻപാകെ പറഞ്ഞു.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും നിലപാട് എടുത്തു. ആകെ ലഭിച്ചത് ED യുടെ ഒരു കത്ത് മാത്രമാണ്. അതിനാൽ പ്രാഥമികാന്വേഷണം നടത്താനായിരുന്നു സർക്കാരിന്റെ നിലപാട്. സിംഗിൾ ബെഞ്ച് ഉത്തരവിനെ എതിർക്കുന്നതായും സർക്കാർ അറിയിച്ചു.

അപ്പീൽ ഫയലിൽ സ്വീകരിക്കുന്നതിൽ എതിർപ്പില്ല എന്നാൽ സ്റ്റേ നൽകരുതെന്ന ED യുടെ വാദം ഡിവിഷൻ ബെഞ്ച് തള്ളി. കെ എം ഷാജഹാനെയും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെന്ന് കെഎം ഷാജഹാന്‍ ബോധ്യപ്പെടുത്തണം. മാധ്യമങ്ങള്‍ നിങ്ങളെ പിന്തുണച്ചേക്കാം. അതുപക്ഷേ കോടതിക്ക് ബാധകമല്ല എന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ച് പിണറായി വിജയന്റെ അപ്പീലിൽ വിശദമായ വാദങ്ങൾ കേൾക്കും. ഇ ഡിയ്ക്കും വിജിലൻസിനും നോട്ടീസ് അയച്ചു. എല്ലാ ഘട്ടത്തിലും നിയമവ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ച് വ്യക്തിയാണ് താൻ എന്നായിരുന്നു ഹൈക്കോടതി വിധിയിൽ പിണറായി വിജയന്റെ പ്രതികരണം.