Headlines

ബിഷ്ണോയ് സംഘം ആമിർഖാനെയും ലക്ഷ്യമിട്ടു; അവസാന നിമിഷം പദ്ധതി മാറ്റി, മറ്റ് താരങ്ങളും പട്ടികയിൽ

മുംബൈ∙ നടൻ ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായ, ലോറൻസ് ബിഷ്ണോയ് സംഘാംഗങ്ങൾ ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ വീടുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ്. പ്രധാന ലക്ഷ്യം സൽമാൻ ഖാൻ ആയിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. സൽമാന്റെ വീടിന് വലിയ സുരക്ഷയുള്ളതിനാൽ ആക്രമണ പദ്ധതി ഉപേക്ഷിച്ചു. ഇതോടെയാണ് മറ്റ് താരങ്ങളെ ലക്ഷ്യമിട്ടത്.

ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തുന്നതിന് മുൻപ് പ്രതികൾ ആമിർ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് സമീപം ഏകദേശം ഒരു മാസത്തോളം നിരീക്ഷണം നടത്തിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. ആമിർ ഖാൻ പലപ്പോഴും സിനിമാ ചിത്രീകരണത്തിനായി പുറത്തായിരുന്നതിനാൽ ആക്രമണ പദ്ധതി പരാജയപ്പെട്ടു. ടൈഗർ ഷ്റോഫിന് സുരക്ഷ കുറവായതിനായാണ് താരത്തെ ലക്ഷ്യമിട്ടത്.

ഒക്ടോബർ 18ന് വൈകുന്നേരമാണ് മുംബൈയിലെ ജുഹുവിൽ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവയ്പ്പുണ്ടായത്. ഗ്ലാസ് താഴ്ത്തി ആരാധകരെ കൈവീശി കാണിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. നടന് വെടിയേറ്റില്ല. പിന്നീട് വിവിധ സ്ഥലങ്ങളിൽനിന്ന് പ്രതികൾ പിടിയിലായി. അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു.