ഇറാനുമായുള്ള ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി. ഒരാഴ്ച മുൻപ് കാരണങ്ങളൊന്നും വ്യക്തമാക്കാതെ അടച്ച ഇരു അതിർത്തികളും വീണ്ടും തുറക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു.
സുരക്ഷാ കാരണങ്ങളാൽ അതിർത്തി അടയ്ക്കുന്നു എന്നാണ് പാക്കിസ്ഥാനി അധികൃതർ അനൗദ്യോഗികമായി അറിയിച്ചത്. സാങ്കേതിക കാരണങ്ങളാണ് ഇറാനും ചൂണ്ടിക്കാട്ടിയത്. എന്നാൽ, അതിർത്തി അടച്ചതോടെ പാക്കിസ്ഥാനിൽ എൽപിജി സിലിണ്ടർ വില കത്തിക്കയറി.
പ്രതിദിനം 7000 ടൺ എൽപിജി ഇറാനിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങിയിരുന്നു. അതിർത്തി അടച്ചതിനു പിന്നാലെ ബലൂചിസ്ഥാനിൽ 12 കിലോഗ്രാം എൽപിജി സിലിണ്ടർ വില 4500 പാക്കിസ്ഥാനി രൂപയായിരുന്നത് (1500 ഇന്ത്യൻ രൂപ) 7000 രൂപയിലെത്തി. സ്കർദുവിൽ 8200 രൂപയായി. ചില പ്രദേശങ്ങളിൽ 10,000 രൂപയ്ക്കുമാണ് വിൽപന. ഇതുവൈകാതെ 13,000 രൂപ (4500 ഇന്ത്യൻ രൂപ) ഭേദിക്കുമെന്ന ആശങ്കയ്ക്കു പിന്നാലെയാണ് അതിർത്തി തുറക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്.
ഗ്വാദർ മേഖലയിലാണ് ഗബ്ദ്-റിംദാൻ ചെക്ക് പോയിന്റ്. ഗേറ്റ് 250 എന്നും ഇതറിയപ്പെടുന്നു. അതിർത്തി അടച്ചതോടെ ഇരുവശത്തും ചരക്കു ട്രക്കുകൾ കെട്ടിക്കിടന്നിരുന്നു. ഇപ്പോൾ ചരക്കുനീക്കം പുനരാരംഭിച്ചതായി പാക്കിസ്ഥാനി മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മുതൽ വ്യാപാര ഇടപാടുകൾ പുനരാരംഭിച്ചെന്ന് ഗ്വാദർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് നവീദ് ജാൻ കൽമാട്ടി പറഞ്ഞു.
അതിർത്തി തുറന്നത് വ്യാപാരികൾക്കും ട്രക്ക് ഉടമകൾക്കും ഡ്രൈവർമാർക്കും ആശ്വാസമാണെന്നും പാക്കിസ്ഥാനിൽ എൽപിജി, അവശ്യ, ഭക്ഷ്യവസ്തുക്കളുടെ വില കുറയാൻ ഇതു സഹായിക്കുമെന്നും നവീദ് ജാൻ കൽമാട്ടി പറഞ്ഞു.ഗ്വാദർ നഗരത്തിനു സമീപം ഏതാനും ദിവസം മുൻപ് ഭീകരവാദ ആക്രമണ ശ്രമമുണ്ടായെന്നും സുരക്ഷാ ഏജൻസികൾ വിജയകരമായി തടുത്തുവെന്നും പാക്കിസ്ഥാൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അവകാശപ്പെട്ടിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് അതിർത്തി അടച്ചത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പാക്കിസ്ഥാൻ വാണിജ്യ മന്ത്രാലയം പറഞ്ഞിട്ടില്ല.
പാക്കിസ്ഥാൻ അതിർത്തി അടച്ചതോടെ ഇറാൻ എൽപിജി കയറ്റുമതി അഫ്ഗാനിസ്ഥാനിലേക്കും അഫ്ഗാൻ വഴി ചൈനയിലേക്കും വഴിതിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ വ്യവസായിയും ശതകോടീശ്വരനുമായ ബാബക് സൻജാനിയാണ് തന്റെ കമ്പനിയിൽ നിന്നുള്ള എൽപിജി കയറ്റുമതി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയത്. താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കി, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും കൂട്ടിയെന്ന് സൻജാനി പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
യുഎസിൽ നിന്നും ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പ്രതീക്ഷിച്ച എൽപിജി കിട്ടാത്തതിനെ തുടർന്നാണ് അതിർത്തി തുറക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇറാനുമായി 909 കിലോമീറ്റർ അതിർത്തിയാണ് പാക്കിസ്ഥാൻ പങ്കിടുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഇറാനിലെ സിസ്താൻ-ബലൂചെസ്താൻ പ്രവിശ്യകൾ തമ്മിലാണിത്.









