തിരുവനന്തപുരം∙ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ന്യൂനമർദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു.
മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളിലായി തീവ്രന്യൂനമർദവും സ്ഥിതിചെയ്യുന്നു. ഇന്ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കാം. നാളെ രാവിലെ മധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാം. ഒക്ടോബർ 27ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.
തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറി ഒക്ടോബർ 28ന് രാവിലെ ആന്ധ്രപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരും. ഉച്ചയ്ക്ക് മുൻപ് ആന്ധ്രപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.







