Headlines

മേട്ടുപ്പാളയം– കൂനൂർ ദേശീയപാത: മണ്ണിടിഞ്ഞത് 14 സ്ഥലത്ത്, ആശങ്കയുടെ 11 മണിക്കൂറുകൾ; അദ്ഭുതകരമായി രക്ഷപ്പെട്ട് മലയാളി വിദ്യാർഥികൾ

കോയമ്പത്തൂർ / ഗൂഡല്ലൂർ ∙ മേട്ടുപ്പാളയം– കൂനൂർ ദേശീയപാതയിൽ 14 സ്ഥലത്തു മണ്ണിടിഞ്ഞു, വനഭാഗത്ത് ബർലിയാറിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിനു മുകളിലേക്കു മണ്ണും പാറയും മരങ്ങളും വീണു ഡ്രൈവർ മരിച്ചു. കണ്ടക്ടർക്കു പരുക്കേറ്റു. ഊട്ടിയിൽ നിന്നു വിനോദയാത്ര കഴിഞ്ഞു മടങ്ങിയ പാലാ സെന്റ് തോമസ്, മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ ബസുകൾക്കു മുന്നിലും പിന്നിലും മണ്ണിടിഞ്ഞു. 11 മണിക്കൂർ കഴിഞ്ഞാണ് ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താനായത്.

വെള്ളിയാഴ്ച അർധരാത്രി തുടങ്ങിയ കനത്ത മഴയ്ക്കിടെയാണു ദുരന്തം. കൂനൂർ മുതൽ മേട്ടുപ്പാളയം വരെ വാഹനങ്ങൾ കുടുങ്ങി. ഗതാഗതക്കുരുക്കിൽ കുടുങ്ങി നിർത്തിയിട്ട ബസിനു മുകളിലേക്കാണു മണ്ണിടിഞ്ഞത്. ബസ് പുറത്തു കാണാൻപറ്റാത്ത രീതിയിൽ മണ്ണുമൂടി. ബസ് ഡ്രൈവർ കൂനൂർ കാട്ടേരി തേരട്ടി സ്വദേശി ജനകരാജ് (55) ആണു മണിക്കൂറുകളോളം മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. ഡ്രൈവറും കണ്ടക്ടറും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. മേട്ടുപ്പാളയത്തു നിന്നു കൂനൂരിലേക്കു പോകുന്നതിനിടെ ടയർ പഞ്ചറായതിനാൽ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ട് കൂനൂർ ഡിപ്പോയിൽ പോയി യാത്രക്കാരില്ലാതെ മടങ്ങുന്നതിനിടെയാണ് അപകടം. ഇതേ സ്ഥലത്തുണ്ടായിരുന്ന ജീപ്പ് നൂറടി താഴ്ചയിലേക്കു പതിച്ചെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ട
കൂനൂരിനും മേട്ടപ്പാളയത്തിനുമിടയിൽ ബർലിയാറിൽ പൊലീസ് ഔട്ട് പോസ്റ്റിനു മുന്നിൽ മരവും മൺകൂനയും വീണതോടെയാണു ഗതാഗതക്കുരുക്കു മൂലം വാഹനങ്ങൾ വഴിയിൽ നിർത്തിയത്. ബുക്കാനൻ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ചിരുന്ന 4 ബസുകളും രാത്രി 11 മണി മുതൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ട ബസ് ഇവർക്കു മുന്നിലായിരുന്നു. പുലർച്ചെ ഇവർ കൺട്രോൾ റൂമിൽ അറിയിച്ചപ്പോഴാണ് അപകടവിവരം അധികൃതർ അറിഞ്ഞത്. രാവിലെ ആറരയോടെ രക്ഷാപ്രവർത്തകരെത്തി മരിച്ച ഡ്രൈവറെയും പരുക്കേറ്റ കണ്ടക്ടർ കേശവനെയും പുറത്തെത്തിച്ച ശേഷം ബസ് വശത്തേക്കു മാറ്റി കയർ കെട്ടി കുട്ടികളെ അപകടസ്ഥലത്തു നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീടു പ്രത്യേക വാഹനങ്ങളിൽ മേട്ടുപ്പാളയത്ത് എത്തിച്ചശേഷം നാട്ടിലേക്കു യാത്രയാക്കി. മേട്ടുപ്പാളയം–കോത്തഗിരി പാതയിലും മൂന്നിടത്തു ഗതാഗതം തടസ്സപ്പെട്ടു.ഊട്ടി പാതയിൽ നിയന്ത്രണം
കോയമ്പത്തൂർ ∙ നീലഗിരി ജില്ലയിൽ കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീഴുന്നതും മണ്ണിടിയുന്നതും തുടരുന്നതിനാൽ അടുത്ത 3 ദിവസത്തേക്ക് ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടർ ലക്ഷ്മിഭവ്യ തന്നീരു നിർദേശിച്ചു. വൈകിട്ട് 6 മുതൽ രാവിലെ 7 വരെ യാത്ര നിരോധിച്ചു. സർക്കാർ ബസുകളും ഓടില്ല. മേട്ടുപ്പാളയം– കൂനൂർ പാത ചൊവ്വാഴ്ച രാവിലെ വരെ പൂർണമായി അടച്ചിടും. മേട്ടുപ്പാളയം– കോത്തഗിരി വഴി പകൽസമയം നിയന്ത്രണങ്ങളോടെ കടത്തിവിടും.

ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനിച്ചു. അത്യാവശ്യത്തിനല്ലാതെ രാത്രി പുറത്തിറങ്ങരുതെന്നു ജില്ലയിൽ താമസിക്കുന്നവരോടു നിർദേശിച്ചിട്ടുണ്ട്. കൊടൈക്കനാൽ മേഖലയിലും നിയന്ത്രണമുണ്ട്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബർളിയാറിൽ ഒറ്റദിവസം 250 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

ഊട്ടി–മേട്ടുപ്പാളയം റോഡിലെ മണ്ണിടിച്ചിൽ
പാലാ ∙ ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലത്തിലൂടെ കടന്നുപോയ 11 മണിക്കൂറുകളായിരുന്നു പാലാ സെന്റ് തോമസ്, മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും 23നു രാത്രി. ഉൗട്ടി വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ 23നു രാത്രി പത്തോടെ ഉൗട്ടി–മേട്ടുപ്പാളയം റോഡിലാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും സംഘം കുടുങ്ങിയത്.

ശനിയാഴ്ച രാവിലെ 9.30ന് ആണ് സംഘത്തെ ബസിൽനിന്ന് പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള 3 ബസുകളിലും മുത്തോലി സ്കൂളിൽ നിന്നുള്ള ഒരു ബസിലുമായി 165 പേരാണ് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ബസിന് മുകളിലേക്ക് മണ്ണും കല്ലും
അദ്ഭുതകരമായ ആ രക്ഷപ്പെടലിനെക്കുറിച്ച് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂൾ അധ്യാപകൻ ഫാ.ജോസി ഏറത്തേടത്ത് എന്നിവർ പറയുന്നതിങ്ങനെ:

മേട്ടുപ്പാളയത്തിനു 13 കിലോമീറ്റർ മുൻപ് വനമേഖലയിലായിരുന്നു മണ്ണിടിച്ചിൽ. കൂറ്റൻമലയിൽനിന്ന് മലവെള്ളത്തോടൊപ്പം തമിഴ്നാട് ബസിനു മുകളിലേക്ക് മണ്ണും വലിയ പാറക്കല്ലുകളും മരങ്ങളും വന്നുവീഴുകയായിരുന്നു. ഞങ്ങൾ സഞ്ചരിച്ചിരുന്ന ബസിന്റെ തൊട്ടുമുൻപിലായിരുന്നു സംഭവം. തൊട്ടുപിന്നാലെ 4 ബസുകൾക്കു പിന്നിലും പാറക്കല്ലുകളും മരങ്ങളും വീണതോടെ മുൻപോട്ടും പിന്നോട്ടും പോകാൻ കഴിയാതെയായി. തമിഴ്നാട് ബസിന്റെ പകുതിഭാഗം താഴെ അഗാധമായ കൊക്കയിലേക്കു മറിയുന്ന നിലയിലായിരുന്നു. ഇതിനു മുൻപിലുണ്ടായിരുന്ന പിക്കപ് വാൻ കൊക്കയിലേക്കു വീണു. ആർ‌ത്തലച്ചു പെയ്യുന്ന മഴയ്ക്കിടയിലും കൂരിരുട്ടിലും ആ വാഹനങ്ങളിൽനിന്ന് കൂട്ടക്കരച്ചിൽ കേൾക്കാമായിരുന്നു. വൈദ്യുത ലൈനുകൾ പൊട്ടിവീണു. ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആകെ പകച്ചുപോയ മണിക്കൂറുകൾ. ഇതിനിടെ ഞങ്ങളുടെ ബസുകളിലും പാറക്കല്ലുകൾ വന്നിടിച്ചു.

ബിഎസ്എൻഎൽ ഫോണിനു മാത്രമായിരുന്നു റേഞ്ച് ഉണ്ടായിരുന്നത്. ഫോണിൽ നാട്ടിലേക്ക് മാണി സി.കാപ്പൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു. എംഎൽഎ ഊട്ടി, കോട്ടയം കലക്ടർമാരുമായി ബന്ധപ്പെട്ടു. രാമനാഥപുരം ബിഷപ്സ് ഹൗസിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ടു. അഗ്നിരക്ഷാസേനയും റെസ്ക്യൂ ടീമും എത്തിയെങ്കിലും ബസുകൾക്ക് അടുത്തേക്ക് എത്താൻ കഴിഞ്ഞത് രാവിലെ ഒൻപതോടെ മാത്രമാണ്. ഡിഐജി, ഐജി, 2 ജില്ലകളിലെ കലക്ടർമാർ, തമിഴ്നാട് മന്ത്രി വി.സമ്പത്ത്കുമാർ എന്നിവരും സ്ഥലത്തെത്തി.

വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ പുറത്തെത്തിച്ച് മറിഞ്ഞുകിടന്ന ബസിനു മുകളിലൂടെ കെട്ടിയ വടത്തിൽ പിടിച്ചാണ് റോ‍ഡിലെ സുരക്ഷിതസ്ഥാനത്തെത്തിച്ചത്. തുടർന്ന് അരക്കിലോമീറ്ററോളം നടന്ന് ചെറുബസുകളിൽ മേട്ടുപ്പാളയം സച്ചിദാനന്ദ ജ്യോതി നികേതൻ സ്കൂളിൽ എത്തിച്ചു. ചെളി നിറഞ്ഞ വസ്ത്രങ്ങൾ മാറ്റാനായി പുതിയ വസ്ത്രങ്ങൾ നൽകി. മന്ത്രിയും ഞങ്ങൾക്കൊപ്പം ഉച്ചകഴിഞ്ഞ് 2.30നു തിരികെപ്പോരും വരെയുണ്ടായിരുന്നു.

രാവിലെ ഉപ്പുമാവും ഇഡലിയും ഉൾപ്പെടെയുള്ള കാപ്പിയും ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണിയും വിളമ്പിയത് മന്ത്രിയാണ്. തമിഴ്നാട് സർക്കാർ മടക്കയാത്രയ്ക്കുള്ള ബസുകളും ക്രമീകരിച്ചു. 3 ബസുകളിലായി രാത്രി വൈകി പാലായിലെത്തി. ഇവർ വിനോദയാത്രയ്ക്കു പോയ ബസുകൾ മണ്ണിടിച്ചിൽ സ്ഥലത്തുനിന്ന് പിന്നീട് തിരിച്ചെത്തും. വിദ്യാർഥികളുടെ ബാഗുകൾ ഉൾപ്പെടെ ആ ബസുകളിലാണ്.