Headlines

പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; തെറ്റില്ലെന്നാണ് ഉത്തമ ബോധ്യം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അനിവാര്യമെന്ന് തോന്നിയതിനാലാണ് പി പി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫയല്‍ മുഴുവന്‍ പരിശോധിച്ചതായും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്വേഷണം അനിവാര്യമായ കേസാണ്. അതുകൊണ്ടാണ് 17 A പ്രകാരമുള്ള അനുമതി കൊടുത്തത്. അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തട്ടെ. തീരുമാനത്തില്‍ തെറ്റില്ല എന്നാണ് ഉത്തമ ബോധ്യം. വിജിലന്‍സ് അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമാണ്. ചില വിവരങ്ങള്‍ രഹസ്യ സ്വഭാവത്തിലുള്ളതാണ്. കഴിഞ്ഞ ഗവണ്‍മെന്റാണ് ഈ നടപടിക്ക് അനുമതി നല്‍കിയത്. അന്വേഷണത്തിനും പ്രവര്‍ത്തനത്തിനും രഹസ്യാത്മകത വേണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ലോക് ഭവന്‍ ഭക്ഷണ വിവാദത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്. താന്‍ ഒരു വെജിറ്റേറിയനാണ്. പക്ഷെ വീട്ടിലുള്ളവര്‍ നോണ്‍വെജ് കഴിക്കാറുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ലോക്ഭവനിൽ മാംസാഹാരങ്ങൾ വിലക്കിയ നടപടി വിവാദമായിരുന്നു. ഗവർണർ ചുമതല ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു മാംസാഹാര വിലക്ക്.

സംസ്ഥാനത്തെ സ്പാകള്‍ ലൈംഗിക ചൂഷണത്തിനുള്ള വേദിയായി മാറ്റുന്നുവെന്നും ഇതിൽ കർശന നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാ അടച്ചുപൂട്ടണം. ജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.