അഹമ്മദാബാദ് ∙ ഗുജറാത്തിലെ അമ്രേലി ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ സിംഹത്തിന് ഗുരുതര പരുക്ക്. ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള റെയിൽവേ പാതയിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ സിംഹത്തിന്റെ വാലിന്റെ ഒരു ഭാഗം അറ്റുപോയ നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഇംഗോരാള ഗ്രാമത്തിനു സമീപം രണ്ട് സിംഹങ്ങൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിപാവവ് തുറമുഖത്തുനിന്ന് ധാസയിലേക്ക് 60-70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് സിംഹത്തെ ഇടിച്ചത്. റെയിൽവേ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ട്രാക്കിൽ പരിശോധന നടത്തുന്നതിനായി ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സിംഹത്തിന്റെ അറ്റുപോയ വാലിന്റെ ഭാഗം വനപാലകർ കണ്ടെടുത്തത്.
അപകട സ്ഥലത്തെ രക്തക്കറകളും കാൽപ്പാടുകളും പിന്തുടർന്ന് നടത്തിയ പരിശോധനയിൽ, പരുക്കേറ്റ സിംഹം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഓടിമറഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിച്ചു. സിംഹത്തെ കണ്ടെത്തി അടിയന്തര വെറ്ററിനറി ചികിൽസ ലഭ്യമാക്കുന്നതിനായി ആധുനിക ട്രാക്കിങ് ഉപകരണങ്ങളുമായി വനംവകുപ്പ് സംഘം സമീപത്തെ കാടുകളിലും കൃഷിയിടങ്ങളിലും തിരച്ചിൽ തുടരുകയാണ്. പ്രദേശത്തെ ഗ്രാമീണർക്കും കർഷകർക്കും വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സിംഹങ്ങൾ സ്ഥിരമായി യാത്ര ചെയ്യാറുള്ള പിപാവവ്-ധാസ റെയിൽവേ ഇടനാഴിയിലാണ് അപകടമുണ്ടായത്. വനംവകുപ്പും റെയിൽവേയും സംയുക്തമായി സുരക്ഷാ മാനദണ്ഡങ്ങൾ തയാറാക്കിയിട്ടുണ്ടെങ്കിലും വന്യമൃഗങ്ങൾ അപകടത്തിൽപ്പെടുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. നിലവിൽ ഇംഗോരാളയ്ക്ക് സമീപം തിരച്ചിൽ തുടരുന്ന വനംവകുപ്പ് അധികൃതർ, ഈ മേഖലയിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നതിനെക്കുറിച്ചും നിരീക്ഷണം ശക്തമാക്കുന്നതിനെക്കുറിച്ചും പുനപരിശോധന നടത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.








