Headlines

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: അന്വേഷണസംഘം വിപുലീകരിച്ചു; പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: കോവളത്ത് സ്പായില്‍ 16 വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ച് പൊലീസ്. കണ്‍ട്രോള്‍ റൂം എസിപിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ളവര്‍ അന്വേഷണ സംഘത്തില്‍ തുടരും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തും. പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഗുഡുവാഞ്ചേരി പോലീസ് തിരുവനന്തപുരത്ത് എത്തി. പൊലീസ് നാളെ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. സി ഡബ്ല്യു സിയുടെ അനുമതിക്ക് തമിഴ്‌നാട് പൊലീസ് അപേക്ഷ നല്‍കി. (Sexual exploitation at a spa in Kovalam: Investigation team expanded)

പതിനാറുകാരിയെ ഗുഡുവാഞ്ചേരിയിലെ സ്പായില്‍ എത്തിച്ചതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ സീറോ എഫ്‌ഐആര്‍ കോവളം പൊലീസ് രജിസ്റ്റര്‍ ചെയ്ത് കൈമാറിയിരുന്നു. സ്പാ പീഡനക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചിരുന്നു.സ്പായിലെത്തിയ യുവതികളെ പീഡിപ്പിച്ചവരെന്ന് സംശയിക്കുന്ന ഇടപാടുകാരിലേക്കും പൊലീസ് നീങ്ങുകയാണ്. ഇടപാടുകാരുടെ ജി പേ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ സൈബര്‍ സംഘത്തിന് കൈമാറി. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് നീക്കം. യുവതിയുടെ മൊഴിയുടെയും തിരിച്ചറിയല്‍ നടപടികളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്തും. പീഡനക്കേസില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുകയാണ്.