Headlines

വിസ്റ്റാഡോം കോച്ചിൽ അവകാശപ്പോര്; ‘ഞാൻ ചെയ്ത കാര്യമാണ് പറഞ്ഞത്, കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ പിഎയുടെ പരാമർശം’; എൻ കെ പ്രേമചന്ദ്രൻ

കൊല്ലം: സംസ്ഥാനത്ത് മധുര ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം ലക്ഷ്വറി കോച്ച് അനുവദിച്ചതിൽ അവകാശവാദവുമായി യുഡിഎഫ് എംപിമാർ. ആദ്യമായി രാജ്യത്ത് വിസ്റ്റാഡം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. തന്റെ നിരന്തര ഇടപെടലിലാണ് വിസ്റ്റാഡോം കോച്ച് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ഫേസ്ബുക്കിൽ അവകാശവാദം ഉന്നയിച്ചിരുന്നു. എൻ കെ പ്രേമചന്ദ്രനെ പരിഹസിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ പിഎയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻ കെ പ്രേമചന്ദ്രൻ വാർത്താസമ്മേളനം വിളിക്കുകയായിരുന്നു. എൻ കെ പ്രേമചന്ദ്രനെ പരിഹസിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ പിഎയും രംഗത്തെത്തിയിരുന്നു.

കേരളത്തിന്റെ ടൂറിസം സാധ്യത മുൻനിർത്തിയാണ് റെയിൽവേയുടെ നീക്കമെന്നും നേരത്തെ പാർലമെന്റിൽ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അന്ന് ഉറപ്പ് നൽകിയതാണ്. കൊല്ലത്തിന്റെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തും. 2017- 18 കാലയളവിൽ താൻ സർവീസ് ആവശ്യപ്പെട്ടെന്ന് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. 2019 ലാണ് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതെന്നും അദേഹം കൂട്ടിച്ചേർത്തു.

പലരും ഇതിൽ ഇടപെട്ടിട്ട് ഉണ്ടാകും. ആദ്യമായി രാജ്യത്ത് വിസ്റ്റാഡോം ട്രെയിൻ അനുവദിച്ച സമയത്ത് തന്നെ താൻ ആവശ്യം ഉന്നയിച്ചതാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. താൻ ചെയ്ത കാര്യമാണ് പറഞ്ഞതെന്നും ഒരു അവകാശ തർക്കത്തിനും ഇല്ലെന്നും അദേഹം വ്യക്തമാക്കി. ‌‌കൊടിക്കുന്നിൽ അറിഞ്ഞിട്ടാണോ അദ്ദേഹത്തിന്റെ പി എ ഇത്തരം പരാമർശം നടത്തുന്നതെന്ന് അദേഹം ചോദിച്ചു. പരിശ്രമിച്ചവർക്ക് ഹാർദമായ അഭിനന്ദനമെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. നിവേദനം നൽകിയാൽ മാത്രം പോരെന്നും ഫോളോ അപ്പ് വേണമെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ് അബ്ദുള്ള ആസാദിൻറെ പരിഹാസം.

മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ഒക്ടോബർ 22-നാണ് സർവീസ് ആരംഭിക്കുന്നത്. മധുരയിൽ നിന്ന് പുനലൂർ കൊട്ടാരക്കര വഴി ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ എക്സ്പ്രസ് പുലർച്ചെ 2.30-ന് എത്തും. ഗുരുവായൂരിലേക്കുള്ള സർവീസ് പുലർച്ചെ 2.30-ന് എത്തും. തിരികെ ഗുരുവായൂരിൽ നിന്ന് രാവിലെ 5.50-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.10-നായിരിക്കും മധുരയിലെത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് കേരളത്തിന് വിസ്റ്റാഡോം കോച്ച് അനുവദിച്ചതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിരുന്നു.