Headlines

മാക്കേക്കടവ്- നേരേകടവ് പാലം ഉദ്ഘാടനം; പരിപാടിയിലേക്ക് ക്ഷണനവുമില്ല നോട്ടീസിൽ പേരും ഇല്ല, ജി സുധാകരൻ എംഎൽഎയ്ക്ക് അതൃപ്തി

ആലപ്പുഴ: ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലത്തിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയുമായി ജി സുധാകരൻ എംഎൽഎ. 2017ൽ ജി സുധാകാരനായിരുന്നു പാലത്തിന്റെ നിർമാണോദ്‌ഘാടനം നടത്തിയത്. ഉദ്ഘാടന നോട്ടീസിൽ പേരും ബന്ധപ്പെട്ടവർ ചേർത്തിട്ടില്ല. 2016ൽ തുടങ്ങിയ നിർമാണം പല സാങ്കേതിക തടസ്സങ്ങൾ കൊണ്ടും നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലം നിർമാണം പ്രതിസന്ധിയിൽ ആയപ്പോഴും ജി സുധാകരൻ ഇടപെടലുകൾ നടത്തിയിരുന്നു.

ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നാടിന് സമർപ്പിക്കും. 800 മീറ്റർ നീളത്തിൽ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം. 98 കോടി രൂപ ചെലവിൽ പത്തു വർഷം കൊണ്ടാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. നിർദിഷ്ട തുറവൂർ-പമ്പ പാതയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിൽ ശബരിമല തീർത്ഥാടകർക്കും പാലം ഗുണകരമാകും. മാക്കേക്കടവിൽ രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി കെ ബഷീർ, എം ലിജു, സ്ഥലം എംഎൽഎയും നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പങ്കെടുക്കും.