പൊലീസ് സ്വകാര്യ വിവരങ്ങൾ ചോദിച്ചു, അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല; ഡൽഹി പൊലീസിനെതിരെ നേഹ ബോറ

ന്യൂഡൽഹി ∙ മണിക്കൂറുകളോളം തന്നെ അന്യായമായി ഡൽഹി പൊലീസ് കസ്റ്റഡിയിൽ വച്ചെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ. കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് ഐസ നടത്തിയ തിരംഗ മാർച്ചിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നേഹയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നേഹയെ എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ഐസ ഭാരവാഹികൾ പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം നേഹ ആർകെ പുരം പൊലീസ് സ്റ്റേഷനിലുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. തുടർന്ന് ഇവിടെ എത്തിയ അഭിഭാഷകർക്കും നേഹയുമായി കൂടിക്കാഴ്ച നടത്താൻ പൊലീസ് അനുവാദം നൽകിയിരുന്നില്ലെന്ന് ഐസ ആരോപിച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെ പൊലീസ് വിട്ടയച്ചതിനു ശേഷമാണ് നേഹ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഡൽഹി പൊലീസ് തന്റെ സ്വകാര്യ വിവരങ്ങൾ തേടിയതായും തന്റെ അഭിഭാഷകരെ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും അവർ പറഞ്ഞു. “എന്ത് അധികാരത്തിന്റെ കീഴിലാണ് ഇതിനെ ന്യായീകരിക്കുന്നത്? ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വയ്ക്കാൻ അനുവാദമുള്ളത്? വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സൂര്യാസ്തമയത്തിനു ശേഷം വിട്ടയക്കണം, പക്ഷേ ഇത് നടപ്പിലാകുന്നില്ലെന്ന്” നേഹാ ബോറ പറഞ്ഞു.