ഡൽഹി: CMRL – എക്സലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചു.വിജിലന്സ് എഫ്ഐആര് നടപടികള് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.കേസിൽ മുന്മന്ത്രി മുഹമ്മദ് റിയാസും വീണ ടിയും സുപ്രീംകോടതിയെ സമീപിച്ചു.ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യാനുള്ള സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചത്.
എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്ക്കേണ്ടതില്ലെന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കില് പ്രാഥമിക അന്വേഷണം നിര്ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന് നിര്ദേശിച്ച സിംഗിള് ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികളുടെ വാദം.









