ന്യൂഡൽഹി ∙ ഒപ്പമുള്ള നേതാക്കളെ ഡൽഹി പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുമ്പോൾ, സുരക്ഷയ്ക്ക് നിന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥർ പിണറായി വിജയനോടു പിന്നോട്ടു മാറാൻ അഭ്യർഥിച്ചു; അതു ശീലമില്ലെന്ന മട്ടിൽ പിണറായി മുന്നോട്ടു തന്നെ. ഇന്ദിരാഗാന്ധി ജയിലിലിട്ടിട്ടും പതറാത്ത നേതാവാണെന്നു ജോൺ ബ്രിട്ടാസ് എംപി ഡൽഹി പൊലീസിനോടായി പറഞ്ഞു.പ്രതിഷേധത്തിന് ഇറങ്ങിയ യുവാക്കൾക്കു പിന്തുണയുമായി ഇറങ്ങിയ 81കാരനായ പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പതറിയപ്പോഴാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതും മണിക്കൂറുകളോളം ജീപ്പിൽ നഗരം ചുറ്റിച്ചതും. വെള്ളമോ മരുന്നോ ഭക്ഷണമോ നൽകാതെയായിരുന്നു ഇത്. 8 മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഉൾപ്പെടെ പൊലീസ് തൂക്കിയെടുത്തു കൊണ്ടുപോകുന്നതു കണ്ടാണ് കേരള ഹൗസിൽനിന്നു പിണറായി ജന്തർമന്തർ റോഡിലേക്ക് ഇറങ്ങിയത്. ജോൺ ബ്രിട്ടാസും കെ.എൻ. ബാലഗോപാലും ഇടംവലം നിന്നു. നിരോധനാജ്ഞ പറഞ്ഞു പൊലീസ് ഉദ്യോഗസ്ഥർ തടസ്സം നിന്നെങ്കിലും മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് ബ്രിട്ടാസ് പറഞ്ഞു. തർക്കം തുടരുന്നതിനിടെ മുന്നിൽനിന്ന ഉദ്യോഗസ്ഥന്റെ നെയിം പ്ലേറ്റിലേക്കു നോക്കി പിണറായി പറഞ്ഞു, ‘മിസ്റ്റർ ഭരത്, വീ ആർ മൂവിങ്’. പൊലീസ് ഉദ്യോഗസ്ഥർ ഉന്നതരുമായി ഫോണിൽ സംസാരിച്ച ശേഷമാണ് അനുവാദം കിട്ടിയത്.തുടർന്നു മുദ്രാവാക്യവുമായി പിണറായി അടക്കമുള്ളവർ മുന്നോട്ടു നീങ്ങി. ബാരിക്കേഡിനു മുന്നിൽ പോയി മടങ്ങിവന്ന പിണറായി അടക്കമുള്ളവർ തിരികെ കേരള ഹൗസിലേക്കു മടങ്ങണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജന്തർ മന്തറിലെ സമരസ്ഥലത്തേക്കു പോകുമെന്ന നിലപാട് തുടർന്നു. തൊട്ടുപിന്നാലെ പൊലീസ് ജീപ്പെത്തി, 3 നേതാക്കളെയും ഒരേ ജീപ്പിൽ കയറ്റി.കേരള പൊലീസിലെ 2 ഉദ്യോഗസ്ഥരും ഒപ്പം കയറി. ഒരു മണിക്കൂറോളം ചുറ്റിച്ച ശേഷം ഛത്രസാൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ അരമണിക്കൂർ ഇരുത്തിയപ്പോഴേക്കും വീണ്ടും സന്ദേശമെത്തി. ജീപ്പിൽ വീണ്ടും ഒരു മണിക്കൂറിലേറെ റോന്ത് ചുറ്റിച്ചു. ശേഷം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെള്ളം പോലും നൽകാതെയുള്ള ഈ യാത്രയ്ക്കൊടുവിൽ സുരക്ഷാജീവനക്കാർ പിണറായിക്കായി കേരള ഹൗസിൽനിന്നു വെള്ളവും മരുന്നും എത്തിച്ചു. ക്ഷീണിതനായ പിണറായിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിലേക്കു പോകണമെന്നു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. 10 വർഷം മുഖ്യമന്ത്രിയായിരുന്ന ഒരാളാണെന്ന പരിഗണന പോലും നൽകിയില്ലെന്നു ബ്രിട്ടാസ് ആരോപിച്ചു.
പിന്നോട്ടില്ല പിണറായി, പൊലീസ് തടഞ്ഞിട്ടും ജന്തർ മന്തറിലേക്ക്; എട്ടു മണിക്കൂറോളം കസ്റ്റഡിയിൽ









