ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ആരംഭിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നതിനെച്ചൊല്ലിയുള്ള വിമർശനം ശക്തമാക്കി ഇലോൺ മസ്‌ക്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ നേരിട്ട് പരാമർശിച്ചുകൊണ്ട്, “ഇന്ത്യയുടെ യഥാർഥ ബോസ് അംബാനിയാണോ?” എന്ന ചോദ്യമാണ് മസ്‌ക് ഉയർത്തിയത്. സ്റ്റാർലിങ്കിന് അനുമതി ലഭിക്കുന്നതിലെ കാലതാമസത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
നിയന്ത്രണപരമായ തടസ്സങ്ങൾ കാരണം ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മസ്‌കിന്റെ പുതിയ വിമർശനം. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഈ തർക്കത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ പ്രവേശനം ചില ‘ശതകോടീശ്വര വ്യവസായികൾ’ (ഒളിഗാർക്കുകൾ) തടയുകയാണെന്ന തന്റെ മുൻ ആരോപണം ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് മസ്‌ക് വീണ്ടും രംഗത്തെത്തിയത്.
സമൂഹമാധ്യമത്തിലെ ഏറ്റവും പുതിയ പോസ്റ്റിൽ, വർഷങ്ങളായി നിയന്ത്രണ ഏജൻസികളുമായി ചർച്ചകൾ നടത്തുകയും നിയമപരമായ നിബന്ധനകൾ പാലിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും സ്റ്റാർലിങ്കിന് ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മസ്‌ക് ചോദിച്ചു. “സ്റ്റാർലിങ്കിന് 165-ലധികം രാജ്യങ്ങളിൽ ലൈസൻസുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ പ്രവർത്തിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ ലൈസൻസ് ലഭിക്കാത്തത്? ഇന്ത്യയുടെ യഥാർഥ ബോസ് അംബാനിയാണോ?” എന്നായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്.
Starlink is licensed in over 165 countries and has spent five years complying with every single law and requirement of the government of India, so why still no license? Is Ambani the real boss of India?







