Headlines

ശിവസൂര്യയുടെ തിരോധനം: ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. അച്ഛൻ ജിഗീഷിന്റെ മൊഴിയെടുത്തു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടേയും മൊഴി രേഖപ്പെടുത്തി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.

കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തിൽ പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു.ചൊക്ലി എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്തും അകത്തും വ്യാപകമായി പരിശോധന നടത്തിയിട്ടും ശിവസൂര്യ എവിടെയെന്ന് പോലീസിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ലോക്കൽ പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് അതൃപ്‌തി ഉണ്ടായിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ആക്ഷൻ‌ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയത്.