Headlines

220 സീറ്റുകളുമായി പുതിയ കോച്ച്, 10 എണ്ണം മാറ്റി, ബാക്കിയും നീക്കും; വേണാട് എക്സ്പ്രസിൽ കൂടുതൽ സീറ്റുള്ള പുതിയ കോച്ചുകൾ

തിരുവനന്തപുരം ∙ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന ജനറൽ സിറ്റിങ് കോച്ചുകൾ ഉൾപ്പെടുത്തിത്തുടങ്ങി. 10 കോച്ചുകളാണ് ഇന്നലെ മാറ്റിയത്. നേരത്തേ ഒരു കോച്ചിൽ 108 പേർക്ക് ഇരുന്നും 42 പേർക്കു നിന്നും യാത്രചെയ്യാൻ കഴിയുമായിരുന്നെങ്കിൽ പുതിയ കോച്ചിൽ 220 പേർക്ക് ഇരുന്നും 50 മുതൽ 70 വരെ പേർക്ക് നിന്നും യാത്രചെയ്യാനും കഴിയും. ഘട്ടംഘട്ടമായി ബാക്കി ജനറൽ കോച്ചുകളും മാറ്റുമെന്ന് അധികൃതർ പറഞ്ഞു.ജനശതാബ്ദി ട്രെയിനിൽ പുഷ്ബാക് സീറ്റുള്ള കോച്ചുകൾ അടുത്തയാഴ്ച ഉൾപ്പെടുത്തും. 16 കോച്ചുകളാണ് കൊച്ചുവേളിയിൽ എത്തിച്ചിരിക്കുന്നത്. പുതിയ കോച്ചുകൾ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിക്ക് നൽകാൻ ആലോചിച്ചിരുന്നെങ്കിലും ദൂരക്കൂടുതൽ കണക്കിലെടുത്തു തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിക്ക് ഇവ ആദ്യം നൽകുന്നതു പരിഗണിക്കുന്നുണ്ട്. ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളിലെ ചരിവില്ലാത്ത സീറ്റുകൾ സംബന്ധിച്ചു വ്യാപകപരാതി ഉയർന്നതോടെയാണ് പുതിയ കോച്ചുകൾ കപൂർത്തല കോച്ച് ഫാക്ടറിയിൽ നിന്നു ലഭ്യമാക്കാൻ റെയിൽവേ ബോർഡ് നിർദേശംനൽകിയത്.എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി ട്രെയിനിലെയും സീറ്റുകൾ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുഷ്ബാക് സീറ്റുകളുടെ ഉൽപാദനം പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് നിർദേശംനൽകിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരമാകൂ.