മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം. ഡല്‍ഹി ജന്‍പഥിലെ ഹോട്ടലിലെ ഉച്ചഭക്ഷണത്തിന് ഒന്നിച്ചുചേര്‍ന്ന പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ മൂന്ന് ബസുകളിലായി നീങ്ങുകയാണ്. ജന്തര്‍ മന്തറിലേക്ക് പോകുമെന്നും, സമരമിരിക്കുമെന്നുമാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് മറ്റ് നേതാക്കളും പ്രതികരിച്ചു.
അതിനിടെ രാഹുല്‍ഗാന്ധിയും എംപിമാരും ബസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും മറ്റ് എംപിമാര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് പുറപ്പെടുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എനിക്കെതിരെ 45 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അത് നൂറെണ്ണമാകട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ഓരോ എഫ്ഐആറും ഒരു മെഡല്‍ പോലെയാണ്.
ജന്‍പഥില്‍നിന്നു മൂന്നു ബസുകളിലായാണ് എംപിമാര്‍ ജന്തര്‍ മന്തറിലേക്കു പോകുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം ബസില്‍ ഉണ്ട്. ബസ് പൊലീസ് തടഞ്ഞാല്‍ ഇറങ്ങി നടക്കാനാണ് എംപിമാരുടെ തീരുമാനം. അതേസമയം, പൊലീസ് ബസുകള്‍ നിരത്തി എംപിമാരുടെ ബസുകള്‍ തടഞ്ഞു.









