കൊല്ലം: ചെറുമൂട് സ്വദേശി രാജുവിനെ (53) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.ഭാര്യ ലേഖ മേരി (48) അറസ്റ്റിൽ. കഴുത്തിൽ ബെൽറ്റ് മുറുക്കി രാജുവിനെ കൊലപ്പെടുത്തിയെന്നാണ് ഭാര്യ നൽകിയ മൊഴി. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കാൻ കൊലപാതകം നടത്തുകയായിരുന്നു. നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ലേഖയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശി നിരീക്ഷണത്തിലാണ്.
രാജുവിന് ഭാര്യ അമിതമായി മരുന്ന് നൽകിയെന്ന സംശയത്തിലാണ് പൊലീസ്. ഇതേതുടർന്ന് രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഒക്ടോബർ 2 നായിരുന്നു. കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കുണ്ടറ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.







