Headlines

ആർ.ശ്രീലേഖ പ്രശ്നം ഒത്തുതീർപ്പിലേക്ക്: ഫലം കണ്ട് അനുനയ ശ്രമങ്ങൾ; രാജി പിൻവലിച്ചേക്കും

തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്ന് ആർ.ശ്രീലേഖ രാജി പ്രഖ്യാപിച്ച സംഭവം ഒത്തുതീർപ്പിലേക്കെന്നു സൂചന. ബിജെപി നേതൃത്വം ഇടപെട്ടു നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടെന്നാണു വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തിയിരുന്നു. കോർപറേഷനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ശ്രീലേഖയുടെ രാജിയിലെത്തിയത്. ചർച്ചയിൽ ഇക്കാര്യങ്ങൾ ശ്രീലേഖയെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. രാജി തീരുമാനം അറിയിച്ച് വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശവും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്.ശാസ്തമംഗലം വാർഡ് കൗൺസിലറായിരുന്ന ശ്രീലേഖ കഴിഞ്ഞദിവസമാണ് രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഇതോടെ കോർപറേഷനിലെ ബിജെപിയുടെ നില പരുങ്ങലിലായിരുന്നു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ശ്രീലേഖ രാജി പിൻവലിച്ചാൽ ബിജെപിക്ക് ആശ്വസിക്കാം.ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്കു പല തരത്തിലുള്ള അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു ശേഷം മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. പ്രചാരണഘട്ടത്തില്‍ ശ്രീലേഖയെ ബിജെപി ഉയര്‍ത്തിക്കാട്ടിയെങ്കിലും അതിനുശേഷം അവരെ ഒഴിവാക്കി വി.വി.രാജേഷിനെ മേയറാക്കി നിശ്ചയിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകൾ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു.