Headlines

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളക്‌സ് കീറിയതില്‍ ക്ഷമ ചോദിച്ച് അക്ബര്‍ ഷാ. കോണ്‍ഗ്രസ് ഫ്‌ലക്‌സ് ആണെന്ന് കരുതിയാണ് കീറിയതെന്ന് വിശദീകരണം. ഫ്‌ളക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന എസ്എഫ്‌ഐ വാദവും അക്ബര്‍ ഷാ തള്ളി. താന്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമെന്നും അക്ബര്‍ ഷാ പറഞ്ഞു.

വാര്‍ത്തകളിലും മറ്റും താരമാകണമെന്ന് കരുതിയല്ല ഇത്തരമൊരു കാര്യം ചെയ്തതെന്ന് അക്ബര്‍ ഷാ പറഞ്ഞു. ഞാന്‍ ഒരു മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനുമാണ്. ഞാന്‍ എസ്എഫ്‌ഐയിലില്ലെന്നും നുഴഞ്ഞു കയറിയെന്നും ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നു. അതൊന്നുമല്ല. ഞാന്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് – ഇയാള്‍ പറഞ്ഞു.
താന്‍ ചെയ്ത തെറ്റ് മനസിലായെന്നും ഇയാള്‍ പറയുന്നുണ്ട്. കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല ഞാന്‍ കീറിയത്. കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്. എല്ലാവരും ക്ഷമിക്കണം – അക്ബര്‍ ഷാ പറഞ്ഞു

അതേസമയം, ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ച ആള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പൊലീസില്‍ പരാതി നല്‍കി.