ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. ഇന്ത്യാ സഖ്യം കളക്ടറേറ്റുകളിലേക്ക് നടത്തുന്ന ജനാധിപത്യ സംരക്ഷണ മാര്‍ച്ച് ഇന്നും തുടരും. വിവിധ പ്രതിഷേധ പരിപാടികള്‍ വിദ്യാര്‍ഥി യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് വീണ്ടും പ്രതിഷേധത്തിന് എത്തുമെന്ന് ഐസയും പ്രഖ്യാപിച്ചു.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിനുള്ള വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സിജെപി നീക്കം. അടുത്തഘട്ടത്തില്‍ കേരളമടക്കം രാജ്യത്തെ വിവിധ ഇടങ്ങളില്‍ തുടര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 10നാണ് ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപിയുടെ സമരം. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ കടന്നാക്രമിക്കാന്‍ ആണ് സിജെപിയുടെ നീക്കം.
ഡല്‍ഹി പൊലീസ് എവിടെ തടയുന്നുവോ, ആ സ്ഥലം ജന്തര്‍ മന്തറാക്കി മാറ്റുമെന്നാണ് സിജെപി ഇന്നലെ വ്യക്തമാക്കിയത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി മുഴുവന്‍ ജനങ്ങളും സമരത്തില്‍ അണിനിരക്കണം. സമാധാനപരമായ സമരത്തിനുള്ള അവകാശം മാനിക്കണം. ജൂലൈ 20-ന് ഉണ്ടായത് പോലുള്ള പൊലീസ് അതിക്രമങ്ങള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരും പൊലീസും ആണെന്ന് അഭിജിത്ത് ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, , ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തില്‍ ഇന്നലെ രാജ്യതലസ്ഥാനം മുങ്ങി. പ്രതിപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളുടെ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സിപിഐ നേതാവ് പി.സന്തോഷ് കുമാര്‍ എം.പി, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം എം.പി തുടങ്ങി നിരവധി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.









