ആലപ്പുഴ∙ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തനം വിലയിരുത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. ഇപ്പോൾ സിപിഎമ്മിനു താൻ കൊള്ളാത്തവനായെന്നും ശബരിമല വിഷയത്തിൽ തന്നെ തലയിൽ ചുമന്നുകൊണ്ടു നടന്നവരാണ് സിപിഎം എന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എൽഡിഎഫിനു രണ്ട് ടേം ഭരിക്കാൻ സാധിച്ചത് പിണറായി വിജയന്റെ കഴിവുകൊണ്ടാണ്. എന്നാൽ അന്നു വാഴ്ത്തിപ്പാടിയവർ തന്നെ ഇപ്പോൾ തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
യുഡിഎഫ് മന്ത്രിസഭയിലെ വിവിധ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചും വെള്ളാപ്പള്ളി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. വിമാനയാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ച് നുണ പറയാൻ ശ്രമിച്ചെന്നും പാർട്ടിക്കാരന്റെ ഹെലികോപ്റ്ററാണ് ഉപയോഗിച്ചതെന്ന കാര്യം അദ്ദേഹം ആദ്യമേ പറഞ്ഞാൽ മതിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. സതീശൻ ശൈലി മാറ്റണം, മുഖ്യമന്ത്രി ആണെന്ന കാര്യം ഇടയ്ക്കു മറക്കുന്നു, കുറച്ചു കൂടി പക്വത വേണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.വൈദ്യുതി പ്രശ്നത്തിൽ മുൻ സർക്കാരുകൾക്കും വീഴ്ച സംഭവിച്ചു ഇക്കാര്യത്തിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമം ഉണ്ടെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിക്കുന്ന അവസ്ഥയാണ്. ആരോഗ്യവകുപ്പിനു കുറച്ചുകൂടെ ശ്രദ്ധ വേണം. കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്രയെയും വെള്ളാപ്പള്ളി വിമർശിച്ചു. അതേസമയം, എം.കെ. മുനീറിനെ ഭരണ പരിഷ്കാര കമ്മിഷൻ തലവനാക്കിയതിൽ തെറ്റുപറയാനാവില്ലെന്നും അദ്ദേഹം മാന്യനായ നേതാവാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. യുഡിഎഫ് സർക്കാരിനു മാർക്ക് ഇടാനുള്ള സമയമായില്ലെന്നും തുടങ്ങിയതല്ലേ ഉള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘ഇപ്പോൾ സിപിഎമ്മിന് ഞാൻ കൊള്ളാത്തവനായി; വൈദ്യുതി പ്രശ്നത്തിൽ മുൻ സർക്കാരുകൾക്കും വീഴ്ച’: വെള്ളാപ്പള്ളി








