ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രിയുൾപ്പെടെയുള്ള പ്രതിനിധി സംഘത്തിന്റെ മടക്കത്തിൽ വിവാദം. ആദ്യം തീരുമാനിച്ചതിലും നേരത്തേ ഇവരോടു രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടതായാണ് വാർത്തകൾ വന്നത്. എന്നാൽ ഇതു നിഷേധിച്ച ഇറാൻ മുൻകൂട്ടി തീരുമാനിച്ച ഷെഡ്യൂൾ പ്രകാരമായിരുന്നു മടക്കമെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കെ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിക്കും പ്രതിനിധി സംഘത്തിനും യുഎസ് വീസ അനുവദിച്ചത്. യുഎന്നിലെ പ്രസംഗത്തിനു ശേഷം പെസെഷ്കിയാൻ മടങ്ങിയെങ്കിലും അറഗ്ചിയും സംഘവും ഹോർമുസുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ന്യൂയോർക്കിൽ തുടർന്നു. എന്നാൽ ഈ ചർച്ചകളിൽ പുരോഗതി ഇല്ലാതെ വന്നപ്പോൾ റൂബിയോ ഇവരോട് മടങ്ങാൻ ആവശ്യപ്പെട്ടതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.









