Headlines

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. (Commercial LPG Cylinder Prices Hiked From October 1)

ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 2747.50 ആയിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില. 62.50 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. അതേസമയം സിലിണ്ടര്‍ ഒന്നിന് മുംബൈയില്‍ വര്‍ധിച്ചിരിക്കുന്നത് 63 രൂപയാണ്. 2701 രൂപയില്‍ നിന്ന് 2764 രൂപയായി സിലിണ്ടര്‍ വില കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ 65.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സിലിണ്ടറിന് ഇപ്പോള്‍ നല്‍കേണ്ട വില 2983 രൂപയാണ്. മുമ്പ് ഇത് 2932 രൂപയായിരുന്നു.രാജ്യത്തെ ചിലയിടങ്ങളില്‍ സിലിണ്ടര്‍ ഒന്നിന് മൂവായിരത്തിന് മുകളില്‍ രൂപയും നല്‍കേണ്ടതായി വരും. ലേയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,385.50 രൂപയില്‍ നിന്ന് 3,450 രൂപയായി ഉയര്‍ന്നു. തവാങ്ങില്‍ വില 3,073.50 രൂപയായും വര്‍ധിച്ചു. അഹമ്മദാബാദില്‍ പുതിയ വില 2,831.50 രൂപയും കന്യാകുമാരിയില്‍ 3,046 രൂപയുമാണ്. അതേസമയം രാജ്യത്തെ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.