ജറുസലം ∙ ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരുമായി ഇന്നലെ രാവിലെ ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈദുബായ് വിമാനത്തിൽ അതിനാടകീയ നിമിഷങ്ങൾ; ഇന്ത്യക്കാരനായ ക്യാപ്റ്റനും ഒമാൻ പൗരനായ സഹപൈലറ്റും തമ്മിൽ സംഘർഷം. ഒമാനി പൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ കുത്തിപ്പരുക്കേൽപിച്ചു. ഒടുവിൽ സൗദിയിൽ അടിയന്തരലാൻഡിങ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനം റാഞ്ചാനുള്ള ഭീകരാക്രമണശ്രമമായിരുന്നെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേലിനു സമീപമെത്തിയപ്പോൾ പൈലറ്റുമാരിലൊരാൾ സഹ പൈലറ്റിനെ കത്തികൊണ്ടു കുത്തിയെന്നും വിമാനം തകർന്ന് യാത്രക്കാരെയെല്ലാം കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും വിഡിയോ സന്ദേശത്തിൽ നെതന്യാഹു ആരോപിച്ചു. ആക്രമണം നടത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും സൗദി അധികൃതർ ചോദ്യം ചെയ്യുകയാണെന്നും പറഞ്ഞു. ഒമാൻ സ്വദേശിയാണു അറസ്റ്റിലായ സഹപൈലറ്റ്.
വിമാനത്തിന്റെ പിൻസീറ്റിലുണ്ടായിരുന്ന മറ്റു 2 പൈലറ്റുമാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപെടലിലൂടെയാണു വൻ ദുരന്തം ഒഴിവായത്. പൈലറ്റുമാർ തമ്മിലുള്ള സംഘർഷത്തിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയായതോടെ മറ്റ് രണ്ടു പൈലറ്റുമാർ കോക്പിറ്റിൽ പ്രവേശിച്ച് നിയന്ത്രണമേറ്റെടുത്തു.
അപായസിഗ്നൽ നൽകി സൗദിയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കോക്പിറ്റിൽ ചോരയിൽകുളിച്ച നിലയിൽ പൈലറ്റുമാരിലൊരാളെ കണ്ടെത്തിയതായി യാത്രക്കാർ പറഞ്ഞു. എല്ലാ യാത്രക്കാരെയും രാത്രി വൈകി സുരക്ഷിതമായി ഇസ്രയേലിൽ എത്തിച്ചു. അതിനിടെ, ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിൽനിന്നുള്ളൊരാളെ ദുബായ്–ടെൽ അവീവ് വിമാനത്തിൽ പൈലറ്റാക്കിയതിലൂടെ ഫ്ലൈദുബായ് കമ്പനി കരാർലംഘനം നടത്തിയതായി ആരോപണമുയർന്നു.
∙ സ്മിത്ത് മച്ഛാർ, ഹീറോ പൈലറ്റ്
കുത്തേറ്റിട്ടും സഹപൈലറ്റിനെ ചെറുത്തുനിന്ന് യാത്രക്കാരുടെ ജീവൻ കാത്ത ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിന് ഇസ്രയേലിന്റെ അഭിനന്ദനപ്രവാഹം. ‘സിംഹത്തെപ്പോലെ പൊരുതിയ അദ്ദേഹമാണു ഹീറോ’ എന്നാണു മച്ഛാറിനെ ഇസ്രയേലിന്റെ യുഎൻ സ്ഥാനപതി പ്രശംസിച്ചത്. മച്ഛാർ നേരത്തേ സ്പൈസ് ജെറ്റിൽ പൈലറ്റായിരുന്നു. 2022ലാണ് ഫ്ലൈദുബായിൽ ചേർന്നത്. 11 വർഷം സ്പൈസ് ജെറ്റിലുണ്ടായിരുന്നു.









