ന്യൂഡൽഹി ∙ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ഉന്നതനായ ധൻരാജ് പരിമൾ നത്വാനിയെ യുപിയിൽനിന്ന് സമാജ് വാദി പാർട്ടി (എസ്പി) രാജ്യസഭയിലെത്തിക്കും. ധൻരാജിന്റെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് കോർപറേറ്റ് അഫയേഴ്സ് ഡയറക്ടറുമായ പരിമൾ ധീരജ്ലാൽ നത്വാനി ജൂണിൽ ജാർഖണ്ഡിൽനിന്നു ബിജെപി പിന്തുണയോടെ രാജ്യസഭാംഗമായിരുന്നു. ഇതോടെ, മുകേഷ് അംബാനിയുടെ വ്യവസായസാമ്രാജ്യത്തിലെ 2 ഉന്നതർ ഭരണ–പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയിൽ പാർലമെന്റിലെത്തുകയാണ്.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ധൻരാജ് നത്വാനിക്കു പുറമേ മുതിർന്ന നേതാവായ രാം ഗോപാൽ യാദവിനു വീണ്ടും എസ്പി രാജ്യസഭാ ടിക്കറ്റ് നൽകിയിട്ടുണ്ട്. ഇരുവരും നാമനിർദേശപത്രിക നൽകി. നിലവിലെ യുപി നിയമസഭാ അംഗബലം അനുസരിച്ച് ബിജെപിക്ക് 8 രാജ്യസഭാ സീറ്റും സമാജ്വാദി പാർട്ടിക്ക് കോൺഗ്രസ് പിന്തുണയോടെ 2 സീറ്റുമാണു ലഭിക്കുക.
ജാർഖണ്ഡിൽ കോൺഗ്രസ് ജയമുറപ്പിച്ചിരുന്ന രാജ്യസഭാസീറ്റിലാണ് ബിജെപി പിന്തുണച്ച പരിമൾ നത്വാനി ജൂണിൽ അട്ടിമറിജയം നേടിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വിശ്വസ്തൻ പ്രണവ് ഝായ്ക്കാണ് അന്ന് അപ്രതീക്ഷിത തോൽവി നേരിടേണ്ടിവന്നത്. ചിലർ കൂറുമാറി വോട്ടുചെയ്തതാണു നത്വാനിയുടെ ജയത്തിന് കാരണമായത്.
ഗുജറാത്ത് സ്വദേശിയായ പരിമൾ നത്വാനി 2008നും 2014നും ജാർഖണ്ഡിൽനിന്നു രാജ്യസഭയിലെത്തിയിരുന്നു. 2020ൽ ആന്ധ്രപ്രദേശിൽനിന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ (വൈഎസ്ആർസിപി) പ്രതിനിധീകരിച്ചും രാജ്യസഭാംഗമായിരുന്നു.








