Headlines

ഗോൾഡി ബ്രാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എഫ്ബിഐ; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ ഇനാം

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത്ത് സിങിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എഫ്ബിഐ. പത്ത് പേരുടെ പട്ടികയിലാണ് ഇയാളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡി ബ്രാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ (ഏകദേശം 9,59,65,000 രൂപ) ഇനാമും പ്രഖ്യാപിച്ചു. ലഹരിക്കടത്ത്, കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഗോള്‍ഡി ബ്രാര്‍. കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ നോര്‍ത്ത് അമേരിക്കയിലെ പ്രധാന നേതാവ് കൂടിയാണ് ഗോള്‍ഡി ബ്രാര്‍.

ഗോള്‍ഡി ബ്രാറിനെ അതീവ അപകടകാരിയായാണ് എഫ്ബിഐ വിശേഷിപ്പിച്ചിരിക്കുന്നത്. ഗോള്‍ഡി ബ്രാര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നും ഇയാളുമായി അകലം പാലിക്കണമെന്നും എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, കാനഡ, ഇന്ത്യ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ബ്രാറിന് വേരുകളുണ്ടെന്നാണ് എഫ്ബിഐ ചൂണ്ടിക്കാട്ടുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെയോ എഫ്ബിഐയെയോ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.വടക്കേ അമേരിക്കയിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് അന്വേഷണം നടന്നുവരികയാണ്. ‘ഓപ്പറേഷന്‍ ഹാള്‍ഡ് ബോള്‍’ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ബിഷ്‌ണോയ് സംഘം, ധന്ദ സംഘം, ഭഗവന്‍പുരിയ സംഘം എന്നിവരെയാണ് അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ബിഷ്‌ണോയ് സംഘത്തില്‍ ഉള്‍പ്പെടുന്നയാള്‍ എന്ന നിലയിലാണ് ബ്രാറിനെതിരായ അന്വേഷണം. ഓപ്പറേഷന്‍ ഹാര്‍ഡ് ബോളിന്റെ ഭാഗമായി ജൂലൈ മാസമായപ്പോള്‍ 24 പേരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നു. തുടര്‍ന്ന് എഫ്ബിഐയുടെ ഇടപെടലില്‍ നാല് പേര്‍ കൂടി പിടിയിലായി. ഇതിനിടയില്‍ ഒരാള്‍ മരിച്ചു. ഗോള്‍ഡി ബ്രാര്‍ അടക്കം അഞ്ച് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ഗോള്‍ഡിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

കാനഡയിലെ സറേയില്‍ 2023 ജൂണില്‍ സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ട സംഭവവുമായി ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. നിജ്ജറിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് ലോറന്‍സും ഗോള്‍ഡി ബ്രാറുമാണെന്നായിരുന്നു യുഎസ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. പഞ്ചാബി ഗായകനായ സിദ്ധു മൂസെ വാലയെ കൊലപ്പെടുത്തിയതിന് പിന്നിലും ലോറന്‍സ് ബിഷ്‌ണോയ് സംഘമായിരുന്നു. കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ ആയിരുന്നു. ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ മൂസെ വാലയെ കൊലപ്പെടുത്തിയതിനുള്ള കാരണം ഗോൾഡി ബ്രാർ വെളിപ്പെടുത്തിയിരുന്നു. അഹങ്കാരം കൊണ്ട് മൂസെ വാല ചില തെറ്റുകള്‍ ചെയ്തുവെന്നും അത് തങ്ങള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതായിരുന്നില്ലെന്നുമായിരുന്നു ഗോള്‍ഡി പറഞ്ഞത്. പ്രവൃത്തിയുടെ ഫലമാണ് മൂസെ വാല അനുഭവിച്ചതെന്നും ഗോള്‍ഡി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.