പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. ആസൂത്രിതമായി നീക്കം നടന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. സർവകലാശാലയ്ക്കുള്ളിൽ ലൈംഗിക അതിക്രമം നടന്നെന്ന ആരോപണത്തിൽ അന്വേഷണത്തിന് പഞ്ചാബ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. സർവകലാശാലയിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷയ്ക്കായി എംപിമാരായ കെ സി വേണുഗോപാലും എഎ റഹീമും ഇടപെട്ടു.
ഇന്നലെ രാത്രിയിലും സർവ്വകലാശാലയ്ക്ക് പുറത്ത് വൻ സംഘർഷം നടന്നെന്നാണ് റിപ്പോർട്ടുകൾ.സംഘർഷത്തിന് പിന്നിലെ നിരവധിപേരെ പഞ്ചാബ് പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുത്ത അഞ്ചുപേരിൽ നിന്ന് ആയുധങ്ങളും വാക്കിടോക്കി സെറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പോലീസ് സംശയിക്കുന്നത്.സർവ്വകലാശാലയ്ക്കുള്ളിൽ ബലാൽസംഗം നടന്നെന്ന ആരോപണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അതിക്രമം നേരിട്ട വിദ്യാർത്ഥിനിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പഞ്ചാബ് ഡിജിപി ഗൗരവ് യാദവിനോട് സ്ഥലത്തെത്തി സ്ഥിതികൾ വിലയിരുത്താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നിർദേശം നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ 10 ദിവസത്തേക്ക് സർവകലാശാല നിർത്തിവച്ചു. പരീക്ഷകളും മാറ്റി. മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എഎ റഹീം എം പി വിഷയത്തിൽ ഇടപെട്ടു. സംഘർഷത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. സർവകലാശാല ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.






