കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം.
ശനിയാഴ്ച തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു പുതിയ നിര്‍ദേശം. വിവരം പുറത്തുവന്നതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ വിവാദമായത്. പിന്നാലെ വലിയ രീതിയില്‍ പ്രതിഷേധമുയരുകയും ചെയ്തു.
പാലക്കാട്ടെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. അനാശാസ്യത്തിന് റെയ്ഡ് ചെയ്ത് പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാലു യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം. ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഉമേഷിനെതിരായ ആരോപണം ഉണ്ടായിരുന്നത്. കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ ആരോപണങ്ങള്‍ ശരിവച്ച് ഉമേഷിനെതിരെ യുവതി പാലക്കാട് പൊലീസിന് മൊഴി നല്‍കുകയായിരുന്നു.








