Headlines

‘ധർമബോധത്തോടെ കർമങ്ങൾ ചെയ്യുക’: മാതാ അമൃതാനന്ദമയിയുടെ 73–ാം പിറന്നാളാഘോഷിച്ച് അമൃതപുരി

കൊല്ലം∙ ജനസാഗരത്തെ സാക്ഷിയാക്കി മാതാ അമൃതാനന്ദമയി ദേവിയുടെ 73–ാം പിറന്നാളാഘോഷിച്ച് അമൃതപുരി. രാവിലെ 7.30ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെ ചടങ്ങുകൾ തുടങ്ങി. 9 മണിക്ക് അമൃതാനന്ദമയി വേദിയിലെത്തിയതോടെ ഗുരുപാദുക പൂജയും വിശ്വശാന്തി പ്രാർഥനയും നടന്നു. തുടർന്ന് അമൃതാനന്ദമയിയുടെ അനുഗ്രഹ പ്രഭാഷണവും ഭജനയും.‘‘ജനിച്ചു എന്ന ചിന്ത മരിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർഥപൂർണമാകുന്നത്. അതാണ് ശരിയായ ഉണർവ്, അതാണ് ശരിയായ പുനർജന്മം. മക്കൾ ധർമബോധത്തോടെ കർമങ്ങൾ ചെയ്യുകയും ലോകനന്മയ്ക്കു വേണ്ടി സേവനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഞാൻ അതിൽ സന്തോഷിക്കുന്നു. നിസ്വാർഥമായ സേവനത്തിലൂടെ ഈശ്വരപ്രേമത്തിന്റെ പരിശുദ്ധമായ പാലും തേനും പനിനീരും സുഗന്ധവും നമ്മുടെ ഹൃദയത്തിൽ നിറയും’’– പിറന്നാൾ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു.

11 മണിയോടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വേദിയിലെത്തിയതോടെ ഔദ്യോഗിക ചടങ്ങുകൾക്കു തുടക്കമായി. പിന്നണി ഗായിക മഞ്ജരിയാണ് പ്രാർഥനാഗീതം ആലപിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, റാം മോഹൻ നായിഡു, മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ തുടങ്ങി രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കാരുണ്യ-സേവന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിമാനകരവുമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. കാരുണ്യത്തിന്റെ മഹാസാഗരമാണ് അമൃതാനന്ദമയി എന്നും സദ്ഭരണം കാഴ്ചവയ്ക്കാൻ അമ്മ നൽകുന്ന പ്രേരണയും പ്രോത്സാഹനവും മഹത്തരമാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. സമൂഹസേവനമാണ് മാതാ അമൃതാനന്ദമയിയുടെ ജീവിതവ്രതമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ.അമൃതാനന്ദമയി മഠത്തിന്റെ വരും വർഷത്തേക്കുള്ള 50 കോടി രൂപയുടെ കാരുണ്യ പദ്ധതികൾക്ക് ഇന്ന് അമൃതപുരിയിലെ വേദിയിൽ തുടക്കമായി. നേപ്പാളിൽ മിന്നൽ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃതാനന്ദമയി മഠം നൽകുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ഡോ.സുരേന്ദ്രഥാപയ്ക്ക് കൈമാറി. തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പടെയുള്ള ചികിത്സാ സഹായത്തിന് അർഹരായവർക്കുള്ള സാക്ഷ്യപത്രവും മഠത്തിനു കീഴിലുള്ള സ്വാശ്രയ സംഘങ്ങൾക്കുള്ള ധനസഹായവും പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹത്തിൽ പങ്കെടുത്തവർക്കുള്ള സ്വർണാഭരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. 25 വിവാഹങ്ങളാണ് വേദിയിൽ നടന്നത്.