ന്യൂഡൽഹി ∙ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ തന്റെ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഫെയ്സ് സ്വാപ്പ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ച് അപകീർത്തിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി. തിരിച്ചറിയാത്ത അജ്ഞാത വ്യക്തികൾക്ക് എതിരെ ഡൽഹി പൊലീസ് കേസെടുത്തു. പരാതിയിൽ സിജെപി നേതാക്കളുടെ പേര് പരാമർശിക്കുന്നുണ്ടെങ്കിലും എഫ്ഐആറിൽ ഇവരെ പ്രതി ചേർത്തിട്ടില്ല.
തന്റെ യഥാർഥ ചിത്രം എഐ സാങ്കേതികവിദ്യ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം ചേർത്ത് മോർഫ് ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. വ്യാജമായി നിർമിച്ച ചിത്രം സമരവേദിയിലെ ബാനറുകളിലും പോസ്റ്ററുകളിലും ഉപയോഗിച്ചതായും ചിത്രത്തെ മുൻനിർത്തി സമരക്കാർ അശ്ലീല മുദ്രാവാക്യങ്ങൾ വിളിച്ചതായും യുവതി പറയുന്നു. ഇതിനുപുറമെ, തന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
സിജെപി സ്ഥാപകരായ അഭിജിത് ദിപ്‌കെ, സൗരവ് ദാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് യുവതി പരാതി നൽകിയിരുന്നത്. എന്നാൽ ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരുടെ പേരുകൾ പ്രതിപ്പട്ടികയിൽ ഇല്ല. തനിക്ക് സിജെപിയുമായോ ജന്തർ മന്തറിൽ നടന്ന സമരവുമായോ യാതൊരു ബന്ധവുമില്ലെന്ന് യുവതി പറയുന്നു. സ്വകാര്യ ചിത്രം അനുവാദമില്ലാതെയാണ് എഐ ടൂളുകൾ വഴി മാറ്റം വരുത്തിയത്. ഇത് പൊതുസമൂഹത്തിൽ തന്നെ മോശമായി ചിത്രീകരിക്കാനും അന്തസ് കെടുത്താനും മനപൂർവം ചെയ്തതാണെന്നും യുവതി പറയുന്നു.
സമരത്തിനിടെ ചിലർ തന്നെ ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായും പരാതിയിലുണ്ട്. ജൂൺ 20ന് ആരംഭിച്ച് ഒരു മാസത്തിലധികം നീണ്ടുനിന്ന സിജെപിയുടെ പാർലമെന്റ് മാർച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും സിജെപിയുടെ മറ്റ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതോടെ ജൂലൈ 25നാണ് അവസാനിപ്പിച്ചത്. ഈ സമരകാലയളവിലാണ് യുവതിക്കെതിരെയുള്ള എഐ അതിക്രമം നടന്നതെന്നാണ് പരാതി.









