തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വിമാന കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ചിപ്സൺ ഏവിയേഷൻ. കരാറിനായി വഴിവിട്ട നീക്കങ്ങൾ നടത്തിയിട്ടില്ലെന്നും വിശദീകരണം. മുഖ്യമന്ത്രി വിഡി സതീശന്റെ യാത്രാവിവാദത്തിനു പിന്നാലെയാണ് ചിപ്സൺ ഏവിയേഷന്റെ വിശദീകരണം. സർക്കാരുമായുള്ള കരാർ കമ്പനിക്ക് ലാഭകരമല്ലെന്നും ചിപ്സൺ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി
അതേസമയം മുഖ്യമന്ത്രി മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ചിപ്സൺ ഏവിയേഷനായിരുന്നുവെന്ന് പുറത്തുവന്നിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമുളള വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി വെളിപ്പെടുത്താൻ കൂട്ടാക്കാതിരുന്ന ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ആരാണെന്ന വിവരമാണ് ഇപ്പോൾ വെളിപ്പെടുന്നത്. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയതും മടങ്ങിവന്നതും. ഇതിനുളള ചെലവ് വഹിച്ചിരിക്കുന്നത് ചിപ്സൺ ഏവിയേഷനാണ്.
സംസ്ഥാന സർക്കാരുമായി കഴിഞ്ഞ മൂന്ന് വർഷം ഹെലികോപ്റ്റർ കരാറുണ്ടായിരുന്ന സ്ഥാപനമാണ് ചിപ്സൺ. മുഖ്യമന്ത്രി യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തിന് വേണ്ടി ചിപ്സൺ 1988595 രൂപ ചെലവാക്കിയിരിക്കുന്നത്. ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസർ ആരാണെന്ന് മറച്ച് വെയ്ക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തിന് എതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.









