ന്യൂഡൽഹി∙ 2024 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത കന്നഡ നടൻ അനന്ത് നാഗിന്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. സെപ്റ്റംബർ 22ന് ഗുജറാത്തിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽവച്ച് പുരസ്കാരം സമ്മാനിക്കും.1948 സെപ്റ്റംബർ 4ന് ജനിച്ച അനന്ത് നാഗർകട്ടെ എന്ന അനന്ത് നാഗ് കന്നഡ സിനിമയിലെ ഏറ്റവും പ്രശസ്തനായ നടൻമാരിൽ ഒരാളാണ്. 250ലധികം കന്നഡ ചിത്രങ്ങൾ ഉൾപ്പെടെ 300ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.സിനിമകൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനാണ്. പ്രശസ്ത എഴുത്തുകാരൻ ആർ.കെ.നാരായണന്റെ കഥകളെ ആസ്പദമാക്കി നിർമിച്ച ജനപ്രിയ ദൂരദർശൻ പരമ്പരയായ ‘മാൽഗുഡി ഡേയ്സിൽ’ അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2025ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനെ അഭിനന്ദിച്ചു.
കന്നഡ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം







