കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിയുടെ വയർ കീറി; ഗുരുതര പരുക്ക്

വടകര ∙ തോട്ടിയിൽനിന്ന് ഊരിവീണ അരിവാൾ തട്ടി വഴിയാത്രക്കാരിക്കു ഗുരുതര പരുക്ക്. മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകി(75)ക്കാണ് പരുക്കേറ്റത്. വയർ കീറിയനിലയിൽ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോ‌െട വടകര മണിയൂർ ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം.

വൈദ്യുതിലൈനിൽ തട്ടുന്ന മരച്ചില്ലകൾ വെട്ടാൻ കെഎസ്ഇബി ജീപ്പിൽ കൊണ്ടുപോയ തോട്ടിയാണ് അപകടമുണ്ടാക്കിയത്. തോട്ടിയുടെ ബോൾട്ട് അഴിഞ്ഞ് തെറിച്ച വാൾ നടന്നുപോകുകയായിരുന്ന ജാനകിയുടെ ശരീരത്തിൽ തട്ടുകയായിരുന്നു. കെഎസ്ഇബിയുടെ ജീപ്പിൽത്തന്നെ ജാനകിയെ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.