തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ശാസിച്ചെന്ന വാർത്തയേ കുറിച്ച് ചോദ്യം വന്നാൽ പറയേണ്ട മറുപടി അബദ്ധത്തിൽ എകെജി സെന്റർ മീഡിയാ ഗ്രൂപ്പിൽ. എം.വി.ഗോവിന്ദന്റെ വാർത്താ സമ്മേളനത്തിന് വേണ്ടി തയാറാക്കിയ കുറിപ്പാണ് എ.കെജി സെൻററിന്റെ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. അബദ്ധം മനസിലാക്കി പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഗ്രൂപ്പിൽ വന്ന അതേ മറുപടിയാണ്, ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ നൽകിയത്.
“പാർട്ടിക്കകത്ത് പലവിധത്തിലുള്ള ചർച്ചകൾ വിമർശന – സ്വയം വിമർശന അടിസ്ഥാനത്തിൽ നടക്കാറുണ്ട്, അതിനെ അടിസ്ഥാനമാക്കി വിവിധങ്ങളായ തീരുമാനങ്ങളും എടുക്കും. അതൊന്നും മുഴുവനായി മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതല്ല. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മാഷ് തന്നെ പറഞ്ഞതുപോലെ എല്ലാ സഖാക്കളുടേയും പ്രവർത്തനം പരിശോധനക്ക് വിധേയമാക്കും എന്നതാണ് പാർടിയുടെ ശൈലി” എന്നായിരുന്നു എകെജി സെന്റർ മീഡിയാ ഗ്രൂപ്പിൽ എത്തിയ കുറിപ്പ്. വാർത്താ സമ്മേളനത്തിൽ പാർട്ടി ശാസിച്ചെന്ന വാർത്ത എം വി ഗോവിന്ദൻ നിഷേധിച്ചിരുന്നില്ല. സംഘടനാ വിഷയങ്ങളിൽ പറയേണ്ട കാര്യങ്ങളേ പറയൂവെന്നായിരുന്നു ചോദ്യങ്ങൾക്ക് മറുപടി.പൊളിറ്റ് ബ്യൂറോ കടുത്ത നിലപാട് സ്വീകരിച്ചതോടെയായിരുന്നു എംവി ഗോവിന്ദന് എതിരായ നടപടി വന്നത്. കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയം പാളിയതിൽ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടറിക്കും ഉണ്ടെന്ന് പിബി കുറ്റപ്പെടുത്തി. നടപടി ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദത്തിന് എംഎ ബേബി വഴങ്ങിയില്ല. പി.ജയരാജനേയും വി. ശിവൻകുട്ടിയേയും എംബി രാജേഷിനേയും ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. വിദ്യാർത്ഥി-യുവജന-വനിതാ നേതാക്കളായ ഒൻപത് പേരെ ക്ഷണിതാക്കളാക്കി ഉൾപ്പെടുത്തി.







