നന്മ നിറഞ്ഞവൻ ജിബീഷ്…; ചെറിയ മനുഷ്യൻ്റെ വലിയ മനസ്: തൃശൂർ സ്വരാജ് റൗണ്ടിലെ നന്മയുടെ കാഴ്ച

തൃശൂർ: കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ചവർക്കേ മറ്റുള്ളവരുടെ വിഷമങ്ങളും യാതനകളും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്ന് പറഞ്ഞ് നമ്മൾ കേൾക്കാറുണ്ട്. ആ വാക്കുകളെ തികച്ചും ശരിവെക്കുന്ന ഹൃദയസ്പർശിയായ ഒരു കാഴ്ചയാണ് കഴിഞ്ഞദിവസം തൃശൂർ സ്വരാജ് റൗണ്ട് സാക്ഷ്യം വഹിച്ചത്.

എപ്പോഴും ഗതാഗത തിരക്കുള്ള സ്ഥലമാണ് തൃശൂർ റൗണ്ട്. റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ട നഗരമധ്യത്തിൽ ബുദ്ധിമുട്ടിലായ ഒരു യാചകന് സഹയമായാണ് ജിബീഷ് എത്തിയത്. ഉയരം കുറഞ്ഞ വ്യക്തിയാണെങ്കിലും വലിയൊരു മനസ്സുള്ള മനുഷ്യനാണ് ജിബീഷ് എന്ന് തെളിയിക്കുന്നതായിരുന്നു ഈ കാഴ്ച. ഡോക്ടറെ കാണുന്നതിനായ് തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം. അപ്പോഴാണ് റോഡ് മുറിച്ചുകടക്കാനാവാതെ പ്രയാസപ്പെടുന്ന യാചകൻ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സഹായവുമായി മുന്നോട്ടുവരികയായിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ ഫുൾ ടൈം സ്വീപ്പറായി സർക്കാർ സർവീസിൽ ജോലി ചെയ്തു വരികയാണ് അദ്ദേഹം. മുൻപ് ഗിന്നസ് പക്രു നായകനായ ‘അത്ഭുതദ്വീപ്’ എന്ന സിനിമയിലും ജിബീഷ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം ജീവിതത്തിലെ ശാരീരികമായ പരിമിതികളും പ്രതിസന്ധികളും അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടുതന്നെയാകാം, മറ്റൊരു മനുഷ്യൻ റോഡിൽ നേരിട്ട ആ പ്രയാസം കണ്ടപ്പോൾ ജിബീഷിന് കണ്ടില്ലെന്ന് നടിക്കാൻ കഴിയാതിരുന്നത്.