കല്ലേലി രാഘവൻ പിള്ള അന്തരിച്ചു

ആലപ്പുഴ ∙ അധ്യാപകനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ശ്രീവിദ്യയിൽ കല്ലേലി രാഘവൻ പിള്ള (97) അന്തരിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികൾക്കും അധ്യാപകർക്കും മാർഗദർശിയായിരുന്ന അദ്ദേഹം ആലപ്പുഴയുടെ ഗുരുനാഥൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നലെ വൈകിട്ട് 3.30ന് ആലപ്പുഴയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 10 മുതൽ 12 വരെ എസ്ഡിവി ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിലും തുടർന്നു വീട്ടിലും പൊതുദർശനത്തിനു ശേഷം വൈകിട്ട് 4ന് ചാത്തനാട് ശ്മശാനത്തിൽ സംസ്കാരം.

1985ലെ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാര ജേതാവാണ്. 40 വർഷം അഖില കേരള ബാലജനസഖ്യം ആലപ്പുഴ യൂണിയന്റെ രക്ഷാധികാരിയായിരുന്നു. 1952 മുതൽ 37 വർഷം ആലപ്പുഴ എസ്ഡിവി സ്‌കൂളുകളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം 18 വർഷം എംഇഎസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പലായി. ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ, ആകാശവാണിയിൽ ഉപദേശക സമിതിയംഗം, ജവാഹർ ബാലഭവന്റെ സ്ഥാപക ഡയറക്ടർ, ജില്ലാ സാക്ഷരതാ സമിതി അക്കാദമിക് കൗൺസിൽ അധ്യക്ഷൻ, ഭവന നിർമാണ സഹകരണ സംഘം ഡയറക്ടർ, മുഖരേഖ മാസികയുടെ ചീഫ് എഡിറ്റർ തുടങ്ങി ഒട്ടേറെ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു. മൂന്നു പതിറ്റാണ്ടിലേറെ നെഹ്റു ട്രോഫി വള്ളംകളി സ്മരണികയുടെ പത്രാധിപരായി പ്രവർത്തിച്ചു.

1964ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ‘നല്ല കുട്ടി’ ഉൾപ്പെടെ 11 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ എൻ.വിദ്യാവതി (റിട്ട.അധ്യാപിക, എസ്ഡിവി ജിഎച്ച്എസ്, നെടുവേലി, എറണാകുളം). മക്കൾ: എൻ.ആർ.ബാലഗോപാൽ (റിട്ട.ബാങ്ക് ഓഫിസർ, ലണ്ടൻ), ഡോ. എൻ.ആർ.ചിത്ര (റിട്ട. പ്രഫ. സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമൻ, ആലപ്പുഴ), എൻ.ആർ.ശ്രീദേവി (പ്രിൻസിപ്പൽ, ജിപിഎസ് ഇന്റർനാഷനൽ, കൊച്ചി). മരുമക്കൾ: ഉർവശി ശർമ (അധ്യാപിക, ഹോങ്കോങ് സൗത്ത് ഐലൻഡ് സ്കൂൾ), കെ.ജയകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, ഡിഫൻസ് മിനിസ്ട്രി മസ്കത്ത്), കെ.വേണുഗോപാൽ (റിട്ട. എൻജിനീയർ, പെരുമ്പാവൂർ).