Headlines

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ്: ഭീകരമൊഡ്യൂളിന്റെ മുഖ്യ പ്രവർത്തകൻ ഉമർ നബിയെന്ന് NIA

ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഫോടനത്തിന് പിന്നിലെ ഭീകരമൊഡ്യൂളിന്റെ മുഖ്യ പ്രവർത്തകൻ ഉമർ നബിയെന്നാണ് എൻഐഎ കണ്ടെത്തൽ.വർഷങ്ങളായി ഭീകരശൃംഖല പുനരുജ്ജീവിപ്പിക്കാൻ ഉമർ ശ്രമിച്ചിരുന്നു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സമാഹരിച്ചു. ചെങ്കോട്ട ആക്രമണത്തിനായി സ്ഫോടക വാഹനം തയ്യാറാക്കി. രഹസ്യ കൂടിക്കാഴ്ചകളും എൻക്രിപ്റ്റഡ് ആശയവിനിമയവും നടത്തിയതായും കുറ്റപത്രത്തിൽ എൻഐഎ പറയുന്നു. 2025 ഡിസംബർ 22-ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്.

ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട മുഖ്യപ്രതി ഉമർ ഉൻ നബി ഉൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. 7500 പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഗൂഢാലോചന ആരംഭിച്ചത് 2022-ൽ ശ്രീനഗറിലെന്നും കുറ്റപത്രത്തിലുണ്ട്. ‘ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പേരിൽ പദ്ധതിയിട്ട ഓപ്പറേഷന്റെ ഭാഗമാണ് ആക്രമണമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ ഉപയോഗിച്ച സ്ഫോടകവസ്തു ടിഎടിപി അഥവാ ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് ആയിരുന്നു. സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.
ജെയ്‌ഷെ മുഹമ്മദിൻ്റെ മറവിൽ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് ഭീകര സംഘടനയാണ് പദ്ധതിയിട്ടത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി പ്രതികൾ ഒരു പ്രചാരണം ആരംഭിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. പ്രതികൾ വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. എളുപ്പത്തിൽ ലഭ്യമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് അവർ സ്ഫോടകവസ്തുക്കൾ നിർമ്മിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.