തിരുവനന്തപുരം∙ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസി. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനും കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കോര്‍പറേഷന് ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കെഎസ്ആര്‍ടിസി പുറത്തിറക്കി.
തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സാമൂഹിക സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പുറമെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും ബസുകള്‍ സംഭാവന നല്‍കാം. 9 മുതല്‍ 15 മീറ്റര്‍ വരെ നീളമുള്ള എസി പ്രീമിയം ബസുകള്‍, എസി സീറ്റര്‍, എസി സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയവയാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്. വാഹനങ്ങള്‍ നേരിട്ടു വാങ്ങി നല്‍കുകയോ അല്ലെങ്കില്‍ അതിനായുള്ള തുക കോര്‍പറേഷന് കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമായാണ് നല്‍കുന്നതെങ്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ കെഎസ്ആര്‍ടിസി തന്നെ വാഹനം വാങ്ങും.
പൂര്‍ണ നിയന്ത്രണം കോര്‍പറേഷന്
സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന ബസുകള്‍ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ പേരിലായിരിക്കും റജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇവ കോര്‍പറേഷന്റെ സ്ഥിരം ആസ്തിയായി മാറും. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പൂര്‍ണ അധികാരം കെഎസ്ആര്‍ടിസിക്കായിരിക്കും. സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ നിര്‍ദേശിക്കുന്ന റൂട്ടുകള്‍ നിലവിലെ സര്‍വീസുകള്‍ക്ക് പകരമാണെങ്കില്‍ അതിനനുസരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തും. പുതിയ സര്‍വീസാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കിയാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇതിനായി പ്രത്യേക ധാരണാപത്രം ഒപ്പുവയ്ക്കും. എന്നിരുന്നാലും സാമ്പത്തിക സാഹചര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ച് സമയക്രമത്തിലും റൂട്ടിലും മാറ്റംവരുത്താനുള്ള അധികാരം കോര്‍പറേഷനില്‍ നിക്ഷിപ്തമാണ്.
പരസ്യങ്ങള്‍ നല്‍കാം
ബസ് സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷത്തേക്ക് വാഹനത്തില്‍ പരസ്യം നല്‍കാന്‍ അവസരം നല്‍കും. നിബന്ധനകള്‍ പാലിച്ച് വാഹനത്തിന്റെ മുന്‍വശവും ഗ്ലാസുകളും ഒഴിവാക്കി പുറംഭാഗത്ത് 60 ശതമാനം വരെ പരസ്യം പ്രദര്‍ശിപ്പിക്കാം. വാഹനത്തിന് ഉള്ളില്‍ 30 ശതമാനം സ്ഥലത്തും പരസ്യത്തിന് അനുമതിയുണ്ട്. ഇതിന് പുറമെ സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടുത്തി ‘സ്‌പോണ്‍സേര്‍ഡ് ബൈ’ എന്ന് വാഹനത്തില്‍ എഴുതാനും സാധിക്കും. എന്നാല്‍ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ സങ്കുചിതമോ ആയ പരസ്യങ്ങള്‍ അനുവദിക്കില്ല. പരസ്യ മാതൃകകള്‍ കോര്‍പറേഷന്‍ മുന്‍കൂട്ടി അംഗീകരിക്കണം. കോര്‍പറേഷനിലെ മറ്റ് ബസുകളുടേതിന് സമാനമായ നിറം തന്നെയാകും ഇവയ്ക്കും നല്‍കുക. വാഹനത്തിന് രൂപമാറ്റം വരുത്തേണ്ടി വന്നാല്‍ സ്‌പോണ്‍സറെ മുന്‍കൂട്ടി അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി കോര്‍പറേഷനിലെ മാര്‍ക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് ജി.എസ് അരുണ്‍ (9539202020), സജയകുമാര്‍ (9744887783) എന്നിവരെയും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഉള്ളവര്‍ക്ക് യൂസഫ് (9947441808) എന്നിവരെയും വിളിക്കാം. എറണാകുളം, തൃശൂര്‍ ജില്ലക്കാര്‍ക്ക് ഒ.പി അനൂബ് (9846655449), പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലക്കാര്‍ക്ക് എസ്. ശ്രീകാന്ത് നായര്‍ (9847089578) എന്നിവരുമായി ബന്ധപ്പെടാം. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ റിജു (8075025794), കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റഫീഖ് (9846512673) എന്നിവരാണ് ഇതിന്റെ ചുമതലക്കാര്‍.






