Headlines

യൂറോപ്പിന് ആശങ്ക, ജർമനിയിൽ എഎഫ്ഡി മുന്നേറ്റം; കുടിയേറ്റവിരുദ്ധ നിലപാടുള്ള തീവ്ര വലതുപക്ഷ പാർട്ടി

ബർലിൻ ∙ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) ഉൾപ്പെടെ മുഖ്യധാരാ പാർട്ടികളെ ബഹുദൂരം പിന്നിലാക്കി തീവ്ര വലതുപക്ഷ കക്ഷി ഓൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ തേരോട്ടം. കിഴക്കൻ ജർമനിയിലെ സാക്സണി അൻഹാൾട്ട് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ 44% വോട്ടു നേടി മുന്നിലെത്തി ഞെട്ടിച്ചെങ്കിലും ഭൂരിപക്ഷമില്ല. നിയമസഭയിലെ 83 സീറ്റുകളിൽ 39 എണ്ണമാണു പിടിച്ചത്. 2029ലെ ദേശീയ തിരഞ്ഞെടുപ്പിൽ 40% വോട്ടുവിഹിതമാണു ലക്ഷ്യമിടുന്നതെന്ന് പാർട്ടി മുൻനിര നേതാക്കളിലൊരാളായ ആലിസ് വെയ്‌ഡൽ പറഞ്ഞു. തീവ്ര വലതുപാർട്ടിയുടെ വിജയത്തിൽ ഫ്രാൻസും പോളണ്ടും ആശങ്ക വ്യക്തമാക്കി.ജനപ്രീതി നഷ്ടപ്പെട്ട ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സിന്റെ പാർട്ടിയായ സിഡിയുവിന്റെ വോട്ടുശതമാനം പകുതിയായി കുറഞ്ഞ് 17.2% ആയി; നേരത്തേ സിഡിയുവിന് ഒപ്പമുണ്ടായിരുന്ന 83,000 പേർ ഇത്തവണ ‌എഎഫ്ഡിക്കു വോട്ടു ചെയ്തു. കുടിയേറ്റവിരുദ്ധ ഇടതുപാർട്ടിയായ ബിഎസ്ഡബ്ല്യു മാത്രമാണ് എഎഫ്ഡിയുമായി സഖ്യസന്നദ്ധത സൂചിപ്പിച്ചിട്ടുള്ളത്. സിഡിയു ഉൾപ്പെടെ പാർട്ടികൾ തീവ്ര വലതുപക്ഷ പാർട്ടിയിൽനിന്ന് സുരക്ഷിത അകലം പാലിക്കുന്ന നയമാണ് പിന്തുടരുന്നത്.
കുടിയേറ്റക്കാരെ നാടുകടത്തുക, യുക്രെയ്നിനുള്ള സഹായം നിർത്തുക, യൂറോയിൽനിന്നു പിന്മാറുക തുടങ്ങിയ തീവ്രനിലപാടുകളാണ് എഎഫ്ഡിയെക്കുറിച്ച് യൂറോപ്പിൽ ആശങ്കയേറ്റുന്നത്. തീവ്രവാദി പാർട്ടിയായി പരിഗണിച്ച് എഎഫ്ഡിയെ ജർമൻ ഇന്റലിജൻസ് ഏജൻസികൾ നേരത്തേ മുതൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്.