തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾക്കായി ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ആത്മഹത്യ ചെയ്ത ശ്രീകുമാർ ഈ കോൺട്രാക്ടറെ വിശ്വസിച്ച് കരാർ പണികൾ നൽകിയിരുന്നതായും, ഇതിൽ ചതിവു പറ്റിയെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച സാഹചര്യത്തിലുമാണ് പോലീസിന്റെ ഈ നീക്കം
ശ്രീകുമാറിന്റെ ആത്മഹത്യ കുറിപ്പിൽ സുഹൃത്ത് വഞ്ചിച്ചുവെന്ന് പരാമർശിച്ചിട്ടുണ്ട്. മരണ വീട്ടിൽ നിന്നും ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് പരിശോധനാ ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നു പോലീസ് പറഞ്ഞു.
വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് കഴിഞ്ഞ ദിവസം തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നും, ഇതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നുവെന്നും കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും ശ്രീകുമാർ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.